
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്താൻ നടക്കുന്ന രാഹുൽ ഗാന്ധി സ്വന്തം പദവി ആദ്യം രാജി വയ്ക്കണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ . ഇതേ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് രാഹുൽ റായ്ബറേലിയിൽ നിന്ന് വിജയിച്ചതെന്നും , നിങ്ങളുടെ സഹോദരി പ്രിയങ്ക വയനാട്ടിൽ വിജയിച്ചതും അതേ രീതിയിലാണെന്നും നിങ്ങളുടെ 99 എംപിമാരും വിജയം നേടിയത് ഇതേ പ്രക്രിയയിലൂടെയാണെന്നും ചിരാഗ് പാസ്വാൻ പറയുന്നു.
‘ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയമാനം കണ്ടെത്താൻ രാഹുൽ ഗാന്ധി ശ്രമിക്കാറുണ്ട്. ഈ വിഷയം ഇത്രയധികം രാഷ്ട്രീയവൽക്കരിക്കുന്നത് തെറ്റാണ്. ആവർത്തിച്ച് പത്രസമ്മേളനങ്ങൾ നടത്തുന്നതും ഈ വിഷയം തീവ്രമായി പ്രചരിപ്പിക്കുന്നതും രാഹുൽ പറയുന്ന കാര്യങ്ങൾ ആരും ശ്രദ്ധിക്കാത്തത് കൊണ്ടാണ്.ചില സാമൂഹ്യവിരുദ്ധർ ഇത്തരം പ്രതിഷേധങ്ങളെ അരാജകത്വം സൃഷ്ടിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നു. അവർ പോലീസിനെതിരെ കൈയേറ്റം നടത്തുന്നത് തെറ്റാണ്. പോലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണെന്നും അവർക്കും കുടുംബമുണ്ടെന്നും നാം മറക്കരുത്. ‘ എന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.