Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി 19കാരന്‍ സുഹൈല്‍ സജീവ് അപകടമുണ്ടാക്കും മുമ്പ് മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവുവിന്റേതാണ് ഉത്തരവ്. ദയ ബാര്‍ കടവന്ത്ര, മണ്‍സൂണ്‍ എംപ്രസ് പാലാരിവട്ടം, ഹോട്ടല്‍ മാരിയട്ട് നെടുമ്പാശേരി എന്നീ ബാറുകളുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, കാര്‍ ഓടിച്ച സുഹൈല്‍ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ കാറില്‍ സാങ്കേതിക പരിശോധന നടത്തി.കസ്റ്റഡി ആവശ്യമില്ലെന്നും അനുവദിക്കരുതെന്നും ഗൂഢാലോചനയൊന്നുമില്ലാത്ത വാഹനാപകടക്കേസില്‍ എന്തിനാണ് പൊലീസ് കസ്റ്റഡിയെന്നായിരുന്നു പ്രതിഭാഗം വാദം.

അപകടത്തില്‍ പെട്ട ബൈക്കില്‍ മൂന്ന് പേരും ഒരുമിച്ച് ഓവര്‍ ലോഡ് ആയി സഞ്ചരിച്ചെന്നും മൂന്നുപേരും ഹെല്‍മറ്റ് വയ്‌ക്കാതെ യാത്ര ചെയ്തതും മരണത്തിന് കാരണമായിട്ടുണ്ട് എന്നും വാദമുയര്‍ന്നു.എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചാലുള്ള ഭവിഷ്യത്ത് അറിയാത്തവരല്ല പതിനെട്ട് കഴിഞ്ഞ പ്രതികളെന്നും വിശദമായി ചോദ്യം ചെയ്തും തെളിവെടുത്തും കേസ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച അങ്കമാലി കോടതി പരിഗണിക്കും.ഇതിനെ എതിര്‍ക്കുമെന്ന് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ അഡ്വ സെയ്ന്‍ ഷബീര്‍ വെളിപ്പെടുത്തി.

Recent Posts