
ജറുസലേം : ഫ്ലൈ ദുബായ് സംഭവത്തെത്തുടർന്ന്, പാകിസ്ഥാനികളടക്കം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെയും ക്രൂ അംഗങ്ങളെ വിലക്കി ഇസ്രായേലും, ഫ്രാൻസും. ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന ജീവനക്കാർ ഇസ്രായേലിലേക്ക് പറക്കുന്നത് വിലക്കുന്ന നയങ്ങൾ സ്വീകരിക്കുന്നതായും എയർ ഫ്രാൻസ് വ്യക്തമാക്കി.
ഇസ്രായേൽ 31 മുസ്ലീം രാജ്യങ്ങളിലെ പൗരന്മാർക്കാണ് ക്രൂ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത് . അവയിൽ ഭൂരിഭാഗവും പാകിസ്ഥാൻ, ഇറാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ്.
എല്ലാ എയർലൈനുകളെയും പോലെ, എയർ ഫ്രാൻസും അത് പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ അധികാരികൾ നിശ്ചയിച്ചിട്ടുള്ള പ്രവേശന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ആ നിയമങ്ങൾ അതിന്റെ ഉപഭോക്താക്കൾക്കോ ജീവനക്കാർക്കോ ബാധകമാണോ എന്നത് പരിഗണിക്കാതെ തന്നെ തങ്ങൾ അത് പാലിക്കുമെന്നും കമ്പനി പറയുന്നു.
‘ടെൽ അവീവിലേക്കുള്ള വിമാനങ്ങൾക്ക് ഇസ്രായേൽ അധികൃതർ ഏർപ്പെടുത്തിയ പുതിയ നിയമങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ജീവനക്കാരെ അറിയിച്ചിട്ടുണ്ട്’ എയർ ഫ്രാൻസ് എയർലൈൻ അധികൃതർ പറഞ്ഞു. ഫ്ലൈദുബായ് സംഭവത്തെത്തുടർന്ന് ഒക്ടോബർ 1 ന് ഇസ്രായേലിന്റെ ഗതാഗത, റോഡ് സുരക്ഷാ മന്ത്രാലയം വിദേശ വിമാനക്കമ്പനികൾക്ക് വ്യക്തമായ താക്കീത് നൽകിയിരുന്നു.
ഇസ്രായേലി വ്യോമാതിർത്തിയിൽ പറക്കുന്ന പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ഇസ്രായേലുമായി രാഷ്ട്രീയ ബന്ധമില്ലാത്ത രാജ്യങ്ങളുടെ പൗരത്വമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം വിദേശ വിമാനക്കമ്പനികളെ അറിയിച്ചു.
ഫ്ലൈ ദുബായ് വിമാനം റാഞ്ചാൻ ഒമാനി പൈലറ്റ് ശ്രമിച്ചതിനെ തുടർന്നാണ് ഇസ്രായേലിന്റെ നീക്കം. ഇന്ത്യൻ ക്യാപ്റ്റൻ സ്മിറ്റ് മച്ചാറാണ് വിമാനത്തെ അപകടത്തിൽ നിന്ന് രക്ഷിച്ചത് .