
ന്യൂദല്‍ഹി: ഗുജറാത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായിട്ടില്ലെന്നും ഇത് എസ് ഐആര്‍ മൂലമല്ലെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് രാഹുല്‍ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ.
‘ഗുജറാത്തില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത് എസ്.ഐ.ആര്‍ കാരണമാണോയെന്ന് രാഹുല്‍ ഗാന്ധി ആത്മപരിശോധന നടത്തണം. 1985-ലാണ് കോണ്‍ഗ്രസ് അവസാനമായി ഗുജറാത്തില്‍ വിജയിച്ചതെന്നും, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചതെന്ന കാര്യവും ഓര്‍ക്കണണം. എസ്.ഐ.ആറിനെ കുറ്റപ്പെടുത്തുന്നതിനു പകരം കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്,’ അമിത് ഷാ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധമാര്‍ച്ചില്‍ ആകെ പങ്കെടുത്തത് 8000 പേര്‍ മാത്രമാണെന്നും ഇത് ഇന്ത്യയുടെ പൊതുശബ്ദമാകില്ലെന്നും 2029ലെ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
ഗുജറാത്തിലെ കോര്‍പറേഷനുകളിലും നഗരസഭകളിലും അസമിലും ബംഗാളിലും പുതുച്ചേരിയിലും ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ചൂണ്ടിക്കാണിച്ച അമിത് ഷാ, ജനങ്ങള്‍ ഇന്ത്യാസഖ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായി അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ സഖ്യകക്ഷികള്‍ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നും, ഒന്നര കിലോമീറ്റര്‍ മാത്രം നീളുന്ന റോഡ് ഷോകള്‍ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദമാകില്ലെന്നും ഷാ പരിഹസിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുല്‍ ഗാന്ധി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ നഗരസഭകളിലേക്കും കോര്‍പറേഷനുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഗംഭീര വിജയം നേടിയത് ചൂണ്ടിക്കാണിച്ച അദ്ദേഹം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ തോല്‍വികളും എടുത്തുപറഞ്ഞു. പ്രധാനമന്ത്രിക്കുള്ള ജനപിന്തുണ അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ലെന്നും, 2029-ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ ജനം നിരാകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.