
ചെന്നൈ : പ്രധാനമന്ത്രിക്ക് തമിഴ് ജനതയിൽ നിന്ന് ലഭിക്കുന്ന ആവേശവും സ്‌നേഹവും തന്റെ രാജി തീരുമാനത്തെ സ്വാധീനിച്ചതായി എൽ മുരുകൻ. പ്രധാനമന്ത്രിയുടെ സമീപകാല തമിഴ്‌നാട് സന്ദർശനം തന്റെ തീരുമാനത്തെ കൂടുതൽ ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ‘അവിടെ പോയി പാർട്ടിയെ ശക്തിപ്പെടുത്താൻ കൂടുതൽ വിപുലമായി പ്രവർത്തിക്കണമെന്ന് ഞാൻ കരുതി. മന്ത്രിസഭയിലെ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കി, പാർട്ടിയെ ശക്തിപ്പെടുത്താനായി സംസ്ഥാനത്തേക്ക് അയക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു,‘എന്നും മുരുകൻ പറഞ്ഞു.
തമിഴ്‌നാട്ടിലുടനീളമുള്ള ഗ്രാമങ്ങളും തെരുവുകളും സന്ദർശിക്കാനും, ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും കാണാനും, സംസ്ഥാനത്ത് ബിജെപിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി മുരുകൻ വ്യക്തമാക്കി. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടാൻ പാർട്ടിയെ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ കുസർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ദിവസവേതനക്കാരായ തൊഴിലാളികളായും കന്നുകാലികളെ മേയ്‌ക്കുന്നവരായും ജോലി ചെയ്തവരാണ് എന്റെ മാതാപിതാക്കൾ. മകൻ ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് ചിന്തിക്കാൻ പോലും അവർക്കായിട്ടില്ല . തമിഴ്‌നാട്ടിൽ ബിജെപിക്കായി കൂടുതൽ സീറ്റുകൾ നേടണം.കാശി തമിഴ് സംഗമം, പാർലമെന്റിൽ ‘സെങ്കോൽ’ സ്ഥാപിക്കൽ തുടങ്ങിയ സംരംഭങ്ങൾ തമിഴ് പൈതൃകത്തിന് വലിയ അംഗീകാരം നൽകിയെന്നും മുരുകൻ പറഞ്ഞു.
താഴെത്തട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തണം. പാർട്ടിക്ക് ദേശീയതലത്തിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ സംഭാവന നൽകുന്നതിനു സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നുംഅദ്ദേഹം വ്യക്തമാക്കി.