Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട ; കോഴഞ്ചേരിയിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ത്രീകളുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടു യുവനേതാക്കൾക്കെതിരെ പാർട്ടിക്കു പരാതി ലഭിച്ചെങ്കിലും അതു ഒതുക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നാണ് ആരോപണം.

ഒരു വർഷം മുൻപു കോഴഞ്ചേരി മേഖലയിലെ ലോക്കൽ സെക്രട്ടറിക്കെതിരെ ഒരു പെൺകുട്ടി പരാതിനൽകിയിരുന്നതായി പറയുന്നു. എന്നാൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയും വിവാഹവാഗ്ദാനം നൽകി മോതിരം ഇടുകയും ചെയ്തുവത്രേ. പിന്നീട് ഈ പെൺകുട്ടിയെ ഒഴിവാക്കുന്ന തരത്തിലായി നീക്കങ്ങൾ. ഇതു സംബന്ധിച്ചു പെൺകുട്ടി ഏരിയ സെക്രട്ടറിയെ കണ്ടെങ്കിലും അദ്ദേഹം കൈമലർത്തിയെന്നാണു പറയുന്നത്.

പ്രശ്നപരിഹാരത്തിനായി പെൺകുട്ടി ഇപ്പോൾ ജില്ലാ സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്. ഇതേ ലോക്കൽ സെക്രട്ടറിക്കെതിരെ മുൻപും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതായി പാർട്ടി പ്രവർത്തകർ പറയുന്നു. ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുന്ന മറ്റൊരു യുവാവിനെക്കുറിച്ചും പാർട്ടിക്കു പരാതി ലഭിച്ചിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞു തന്നെ ചതിച്ചതായാണു പെൺകുട്ടി പരാതി നൽകിയത്. ഇതും ഏരിയ സെക്രട്ടറി ഒതുക്കിയെന്നും പ്രവർത്തകർ പറയുന്നു.

പാർട്ടി ഇരയ്‌ക്കൊപ്പം നിന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ്.ചിലർ പാർട്ടി വിടാനുള്ള തയാറെടുപ്പിലുമാണെന്നാണ് അറിയുന്നത്.

Recent Posts