
കോട്ടയം: മണിമലയില്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്.
ഇയാളുടെ മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടില്‍ വച്ചായിരുന്നു സംഭവം. സന്തോഷ് കുറെ നാളുകളായി ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
കൊലപാതകം നടന്ന പത്താം തിയതി വൈകിട്ടും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളം വച്ച് ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. മക്കളായ സച്ചുവും സനോജുമായി വഴക്കുണ്ടായി. ഇതിനിടെ ഇളയ മകന്‍ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്‌ക്കടിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട്ടുമുറ്റത്ത് വീണ് കിടക്കുകയായിരുന്നു സന്തോഷ്. സംഭവ സ്ഥലത്ത് നിന്ന് തന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.