Categories: India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. സുപ്രീംകോടതിയെ തടസ്സവാദങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായ ഭാഷയിൽ ഓർമ്മിപ്പിച്ചു. ഇന്ന് രാഹുലിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേയ്‌ക്ക് മാർച്ച് നടക്കാനിരിക്കെയാണ് സൂര്യ കാന്തിന്റെ പ്രതികരണം.

കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അഭിഭാഷകർ, കോടതി ജീവനക്കാർ, വ്യവഹാരികൾ എന്നിവരുടെ യാത്രാസ്വാതന്ത്ര്യത്തിനും യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകരുതെന്ന് ജസ്റ്റിസ് സൂര്യ കാന്ത് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ പ്രദീപ് റായിയോട് വ്യക്തമാക്കി.

അഭിഭാഷകർക്കും പൗരന്മാർക്കും ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും എന്നാൽ അതത് നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പ്രക്ഷോഭങ്ങൾ നടത്താവൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.