
പാലക്കാട്: സിനിമാനിർമാതാവ് മോഷണക്കേസിൽ അറസ്റ്റിൽ. ‘കള്ളന്മാരുടെ വീട്’ സിനിമയുടെ നിർമാതാവും പാലക്കാട് കരിമ്പ സ്വദേശിയുമായ ആറോണി വീട്ടിൽ കാജ ഹുസൈൻ (46) ആണ് പിടിയിലായത്. ട്രെയിനുകളിൽ കയറി യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത പ്രതിയെ ഷൊർണൂർ റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈൽ ഫോൺ ട്രെയിനിൽവെച്ച് മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യാറുണ്ടായിരുന്ന ഇയാൾ, സാഹചര്യം നിരീക്ഷിച്ച് ആസൂത്രിതമായാണ് കവർച്ചകൾ നടത്തിയിരുന്നത്. പൊലീസ് പിടിയിലാകാതിരിക്കാൻ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി. മോഷണമുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫ്തീരിയ തുടങ്ങാനുള്ള പണിപ്പുരയിലായിരുന്നു ഇയാൾ.
താൻ സെക്കൻഡ് ഹാന്റ് സാധനങ്ങളുടെ ഇടനിലക്കാരനാണെന്ന് കടക്കാരെ വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റഴിച്ചിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ നിർമ്മാതാവിന്റെ പേരാണ് കാജ ഹുസൈൻ. ഹുസൈൻ അറോണി എന്നയാളുടെ പേരാണ് സംവിധായകനായി നൽകിയിട്ടുള്ളത്. ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈൽ ഫോണും പ്രതിയോടൊപ്പം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.