India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

ഈയിടെ പ്രിയങ്ക ചതുര്‍വേദിയുടെ അച്ഛന്‍ പുരുഷോത്തം ചുതര്‍വേദി രചിച്ച പുസ്തകം ഏറ്റുവാങ്ങാന്‍ പ്രധാനമന്ത്രി മോദി എത്തിയതിനെക്കുറിച്ച് വാക്കുകളില്‍ വിവരിക്കാനാവാതെ പ്രിയങ്ക ചതുര്‍വേദി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: പാര്‍ലമെന്‍റില്‍ ബിജെപിയെ ആക്രമിക്കുന്ന ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) എംപിയാണ് പ്രിയങ്ക ചതുര്‍വേദി എങ്കിലും പ്രധാനമന്ത്രി മോദിയെ അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ്. ഈയിടെ പ്രിയങ്ക ചതുര്‍വേദിയുടെ അച്ഛന്‍ പുരുഷോത്തം ചുതര്‍വേദി രചിച്ച പുസ്തകം ഏറ്റുവാങ്ങാന്‍ പ്രധാനമന്ത്രി മോദി എത്തിയതിനെക്കുറിച്ച് വാക്കുകളില്‍ വിവരിക്കാനാവാതെ പ്രിയങ്ക ചതുര്‍വേദി.

‘നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്”, എന്നാണ് പ്രിയങ്ക ചുതര്‍വേദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്.

“എന്റെ പിതാവ് ‘ബ്രജ്’ (Braj) എന്ന വിഷയത്തിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുമായുള്ള എന്റെ കഴിഞ്ഞ കൂടിക്കാഴ്ചയിൽ, അദ്ദേഹം എന്റെ കുടുംബത്തെ കാണാമെന്നും എന്റെ പിതാവിൽ നിന്ന് നേരിട്ട് ആ പുസ്തകം സ്വീകരിക്കാമെന്നും ഉറപ്പുനൽകിയിരുന്നു. ഇന്ന് അദ്ദേഹം അത് നിറവേറ്റുകയും, എന്റെ മാതാപിതാക്കളെ കാണാനായി സമയം കണ്ടെത്തുകയും ചെയ്തു. നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്.”- പ്രിയങ്ക ചതുര്‍വേദി സമൂഹമാധ്യമപേജില്‍ കുറിച്ചു.

മഥുർ ചതുർവേദി എന്ന പ്രത്യേക സമുദായത്തിന്റെ വംശാവലിയോടൊപ്പം ബ്രജ് മേഖലയുടെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവ രേഖപ്പെടുത്തുന്ന പുസ്തകമാണ് പ്രിയങ്ക ചതുര്‍വേദിയുടെ അച്ഛന്‍ പുരുഷോത്തം ചതുർവേദി രചിച്ചത്. പുസ്തകത്തിന്റെ പേര് ‘മഥുര, ബ്രാജ് ആൻഡ് മഥുർ ചതുർവേദിസ്’ (Mathura, Braj and Mathur Chaturvedis). തിരക്കേറിയ പരിപാടികള്‍ക്കിടയിലും അവിടെ എത്തി കുടുംബവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുസ്തകത്തിന്റെ ഒരു പ്രതി നേരിട്ട് ഏറ്റുവാങ്ങുകയും ചെയ്തു. . .

എന്താണ് ബ്രജ് അഥവാ ബ്രജ് ഭൂമി?

ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്ന, സാംസ്കാരികമായും മതപരമായും പ്രാധാന്യമുള്ള വടക്കേ ഇന്ത്യയിലെ ഒരു പ്രദേശമാണ് ബ്രജ് (ബ്രജ്‌ഭൂമി എന്നും അറിയപ്പെടുന്നു). താമരപ്പൂവിന്റെ ആകൃതിയിലുള്ള 84 കോസ് (ഏകദേശം 252 കിലോമീറ്റർ) ദൈർഘ്യമുള്ള ഒരു പുണ്യയാത്രാവഴിയായി കണക്കാക്കപ്പെടുന്ന ഇതിൽ, 12 പുണ്യവനങ്ങളും (ദ്വാദശ വനങ്ങൾ), യമുനാ നദിയും, ഗോവർദ്ധന പർവ്വതവും, ഗോകുലം, ബർസാന, നന്ദഗ്രാം തുടങ്ങിയ പ്രധാന പട്ടണങ്ങളും ഉൾപ്പെടുന്നു. ഈ വാക്ക് ‘വ്രജ’ എന്ന സംസ്കൃത പദത്തിൽ നിന്നാണ് വന്നത്; കന്നുകാലികളെ മേയിക്കുന്നവരുടെ വാസസ്ഥലം അല്ലെങ്കിൽ പശുക്കൾ മേഞ്ഞുനടക്കുന്ന സ്ഥലം എന്നാണ് ഇതിനർത്ഥം.

Recent Posts