Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതനെ കാപ്പ ചുമത്തി ജയിലിലടച്ച യു ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ച പശ്ചാത്തലത്തില്‍, സര്‍ക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്‌ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുകയും ഒരേ വിഷയത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല.എന്നാല്‍ തിരുവനന്തപുരം മേയര്‍ വി വി രാജേഷിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ രണ്ട് നടപടികളിലും സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

മേയര്‍ വി വി രാജേഷിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തിയത്? നിയമം എല്ലാവര്‍ക്കും ഒരുപോലെയല്ലേ ബാധകമാകേണ്ടത്? രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണോ നിയമനടപടികള്‍ തീരുമാനിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമായ മറുപടി നല്‍കണം.

നിയമസംവിധാനം രാഷ്‌ട്രീയ പകപോക്കലിനുള്ള ഉപകരണമാകരുത്. വ്യക്തികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അനുസരിച്ച് നിയമം പ്രയോഗിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

 

Recent Posts