
തിരുവനന്തപുരം: അമ്മയുടെ ഫോണിൽനിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് അമ്മയുടെ മർദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു–ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്‌ക്കാണ് മർദനമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമ്മയുടെ ഫോണിൽനിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് വിവരം.
കട്ടിലിൽനിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്നു പറഞ്ഞാണ് അമ്മയും അമ്മൂമ്മയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ മുഖത്തെ ഗുരുതരമായ മുറിവുകളും ചതവുകളും കണ്ട് സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിലാണ് മർദനവിവരം പുറത്തുവന്നത്. തുടർന്ന് കുട്ടിയുടെ അമ്മ ശോഭയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ മുമ്പും സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തും.