
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇതിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുത്തനെ താഴേക്ക് വരുമെന്നും യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവശക്തി അമേരിക്ക പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുനതിൽ നിന്നും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക യുദ്ധത്തിലേക്ക് നീങ്ങിയതെന്ന് ട്രംപ് പറഞ്ഞു.
ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇറാന്റെ ആണവശക്തി ഇല്ലാതാക്കി. ഇറാൻ ആണവശക്തി കൈവരിച്ചിരുന്നുവെങ്കിൽ ലോകം ഇതുവരെ കാണാത്ത വലിയ പ്രതിസന്ധികൾ ഉണ്ടായേനെ. ഇപ്പോൾ ഇറാൻ വലിയ തകർച്ചയിലാണ്. ഈ യുദ്ധം വളരെ വേഗത്തിൽ തന്നെ അവസാനിക്കും, അതോടെ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നും ട്രംപ് പ്രതികരിച്ചു.
എന്നാൽ ട്രംപിന്റെ വാദങ്ങളെ ഇറാൻ പൂർണ്ണമായും തള്ളി. യുദ്ധം മൂലമാണ് പെട്രോളിയം മന്ത്രി രാജിവെച്ചതെന്ന വാദം അമേരിക്കയുടെ പരാജയം മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ വക്താവ് ഫാത്തിമ മൊഹാജെറാനി വ്യക്തമാക്കി. അതേസമയം, സ്വയം പ്രതിരോധിക്കാൻ രാജ്യം സദാ സന്നദ്ധമാണെങ്കിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.