Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വീണ്ടും പുതിയ ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ച് പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹസമിതി അംഗം കുമ്മനം രാജശേഖരന്‍.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നാലാം ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചു. ഇപ്പോള്‍ വീണ്ടും അഞ്ചാം ഭരണപരിഷ്‌കാര കമ്മീഷനും നിലവില്‍ വന്നിരിക്കുകയാണ്.

ഒരു കമ്മീഷന്‍ കഴിഞ്ഞു. കോടികള്‍ ചെലവായി. റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോള്‍ വീണ്ടും പുതിയ കമ്മീഷന്‍.

2016 ആഗസ്റ്റ് 18-ന് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായി നാലാം ഭരണപരിഷ്‌കാര കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2021 ഏപ്രില്‍ 30 വരെ കമ്മീഷനുമായി ബന്ധപ്പെട്ട് 10,79,29,050 അതായത് 10.79 കോടി പൊതുഖജനാവില്‍ നിന്ന് ചെലവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.ഈ കാലയളവില്‍ കമ്മീഷന്‍ 13 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.എന്നാല്‍, റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളുടെ തുടര്‍നടപടികള്‍ക്കായി പിന്നീട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ടിവന്നു.

ഇത്രയും പണം ചെലവഴിച്ച ഒരു കമ്മീഷന്റെ ശുപാര്‍ശകളില്‍ എത്ര എണ്ണം പൂര്‍ണമായി നടപ്പാക്കി? എത്ര എണ്ണം ഭാഗികമായി നടപ്പാക്കി? എത്ര എണ്ണം ഇപ്പോഴും ഫയലുകളില്‍ കിടക്കുന്നു?ഇതിന് സര്‍ക്കാര്‍ വ്യക്തമായ കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണം.

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ നടപ്പാക്കലും തുടര്‍നടപടികളും കൈകാര്യം ചെയ്യുന്നതിനായി ഭരണപരിഷ്‌കാര വകുപ്പില്‍ പ്രത്യേക സംവിധാനം തന്നെ നിലവിലുണ്ട്. റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിന് പിന്നാലെ അവയുടെ നടപ്പാക്കല്‍ ഉറപ്പാക്കുക എന്നതാണ് പ്രധാനം, പുതിയ കമ്മീഷനുകള്‍ തുടര്‍ച്ചയായി രൂപീകരിക്കുക മാത്രമല്ല.

ഇതിനിടയിലാണ് ഇപ്പോള്‍ ഡോ എം കെ മുനീര്‍ അധ്യക്ഷനായി അഞ്ചാം ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.ചെയര്‍മാന് കാബിനറ്റ് പദവിയും അനുവദിച്ചിട്ടുണ്ട്.പുതിയ കമ്മീഷന്‍ രൂപീകരിച്ചതിന്റെ സാമ്പത്തിക ബാധ്യതയും പ്രതീക്ഷിക്കുന്ന ഫലവും സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറയണം.

വീണ്ടും ചെയര്‍മാന്‍,വീണ്ടും കാബിനറ്റ് പദവി,വീണ്ടും സ്റ്റാഫ്,വീണ്ടും ഓഫീസ്,വീണ്ടും വാഹനം.
വീണ്ടും യാത്രാ-അലവന്‍സുകള്‍,വീണ്ടും പൊതുപണം.കമ്മീഷന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ശമ്പളം, ആനുകൂല്യങ്ങള്‍, പേഴ്‌സണല്‍ സ്റ്റാഫ്, ഓഫീസ്, വാഹനം, യാത്ര തുടങ്ങിയ ഇനങ്ങളിലായി ഖജനാവിനുണ്ടാകുന്ന ആകെ സാമ്പത്തിക ബാധ്യത എത്രയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

പഴയ ശുപാര്‍ശകളുടെ നടപ്പാക്കലിന് വ്യക്തമായ സമയപരിധിയും ഫലപ്രാപ്തിയുടെ കണക്കും ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാതെ പുതിയ കമ്മീഷനുകള്‍ രൂപീകരിക്കുന്നത് എത്രത്തോളം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ പറയണം.

ഭരണപരിഷ്‌കാരത്തിന്റെ പേരില്‍ കമ്മീഷനുകള്‍ രൂപീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്താല്‍ മാത്രം മതിയാകില്ല. ആ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഭരണത്തില്‍ നടപ്പാക്കുകയാണ് വേണ്ടത്.

സാധാരണക്കാരന്റെ നികുതിപ്പണത്തിലെ ഓരോ രൂപയും സൂക്ഷിച്ച് ചെലവാക്കേണ്ട കാലമാണിത്. അതിനാല്‍ പുതിയ കമ്മീഷന്റെ പ്രയോജനവും സാമ്പത്തിക ബാധ്യതയും സുതാര്യമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

കമ്മീഷന്‍ എത്ര രൂപീകരിച്ചു എന്നതല്ല പ്രസക്തമായ ചോദ്യം.അവയിലൂടെ ഭരണത്തില്‍ എന്ത് മാറ്റം കൊണ്ടുവന്നു എന്നതാണ്.

പൊതുഖജനാവ് രാഷ്‌ട്രീയ പ്രീണനത്തിനുള്ള ഉപാധിയാകരുത്. ജനങ്ങളുടെ നികുതിപ്പണത്തിന് കണക്കുണ്ടാകണം. ഭരണപരിഷ്‌കാരത്തിന് ഫലവും ഉണ്ടാകണം- കുമ്മനം ചൂണ്ടിക്കാട്ടി.

 

Recent Posts