തമ്മിലടി കോണ്‍ഗ്രസിന്റെ ജനിതക ഘടനയുടെ ഭാഗമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മുതല്‍ ബൂത്ത് കമ്മിറ്റി വരെ തമ്മിലടിച്ച് കഴിയുന്നതാണ് കോണ്‍ഗ്രസ് സംസ്കാരം. അവരില്‍ നിന്നാണ് ഈ പകര്‍ച്ചവ്യാധി മറ്റ് പല പാര്‍ട്ടികള്‍ക്കും കിട്ടിയത്. അധികാരത്തിന് വേണ്ടി ഇവര്‍ ഐക്യപ്പെടും. അധികാരം ലഭിച്ചാല്‍ അത് പങ്കിടുന്നതിന്റെ പേരില്‍ തമ്മിലടി തുടങ്ങും. കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിലായാലും കോണ്‍ഗ്രസ് ചരിത്രം തന്നെ ഇത്തരം തമ്മിലടികളുടേതാണ്. ഇത് അറിയാവുന്നവര്‍ക്ക്, യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശും മുഖ്യമന്ത്രി വി.ഡി.സതീശനും തമ്മിലുള്ള തമ്മിലടിയില്‍ പുതുമ തോന്നില്ല. യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. മുഖ്യമന്ത്രിയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാന്‍ സാധിച്ചിട്ടില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. എഐസിസിയാണ് എന്നെ ചുമതല ഏല്‍പ്പിച്ചതെന്നും, ഇനി എന്തുവേണമെന്ന് അവര്‍ തീരുമാനിക്കട്ടെ എന്നുമൊക്കെയാണ് അടൂര്‍ പ്രകാശ് പറയുന്നത്.
തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശ് വിമര്‍ശനവുമായി രംഗത്തുവന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത്ത് അറിയിക്കും. ഉപതെരഞ്ഞെടുപ്പില്‍ ഏകോപനക്കുറവുണ്ടായി. യുഡിഎഫ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കണ്‍വീനറുടെ ചുമതലയാണ്. പക്ഷേ ചെയര്‍മാന്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷന്റെ തലവനായി നിയമിച്ചതിനു പിന്നാലെയാണ് അടൂര്‍ പ്രകാശിന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പെരുമാറിയെന്ന് പ്രകാശിന്റെ രോഷപ്രകടനത്തില്‍ നിന്ന് വായിച്ചെടുക്കാം. യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പറ്റാത്ത സ്ഥിതിയുള്ളത് ഖേദകരമാണെന്നും, ചര്‍ച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും, ഇതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ തുറന്നു പറഞ്ഞിരിക്കുന്നു. മുനീറിന് പുതിയ പദവി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും, ഇതിന്റെ അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാലുമാസം കഴിഞ്ഞിട്ടേയുള്ളൂ. ഈ സര്‍ക്കാരിന്റെ ഘടന എന്തെന്നും, പ്രവര്‍ത്തനരീതി എങ്ങനെയാണെന്നും ഇതിനോടകം തന്നെ എല്ലാവര്ക്കും അറിയാവുന്നതാണ്. ഒന്നിലധികം അധികാരമോഹികള്‍ അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ കടുംപിടുത്തം കൊണ്ടാണ് വി.ഡി. സതീശന് മുഖ്യമന്ത്രിയായത്. മന്ത്രിസഭാ രൂപീകരണത്തില്‍ പതിവുപോലെ ലീഗ് ആവശ്യപ്പെട്ട വകുപ്പുകള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥ തലത്തിലും മുസ്ലിം ലീഗും ഇസ്ലാമിക മതമൗലികവാദികളും ആവശ്യപ്പെടുന്ന പദവികള്‍ വെള്ളിത്തളികയില്‍ വച്ച് നല്കാന് മുഖ്യമന്ത്രി നിര്‍ബന്ധിതനാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് എപ്പോഴെങ്കിലും ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ തീരുമാനം ലീഗ് പുനഃപരിശോധിക്കും. സതീശന്റെ മുഖ്യമന്ത്രി പദവി ആ നിമിഷം അസ്ഥിരപ്പെടുകയും ചെയ്യും.
സതീശന് മുഖ്യമന്ത്രിയായി തുടരുന്ന കാലത്തോളം മുസ്ലിംലീഗിന് ചാകരയാണ്. വിഹിതവും അവിഹിതവുമായ കാര്യങ്ങള്‍ അവര്‍ നേടിയെടുക്കും. യുഡിഎഫ് സര്‍ക്കാരില്‍ അഞ്ചാംമന്ത്രിയെന്നത് ലീഗിന്റെ കുറേക്കാലമായുള്ള താല്പര്യമാണ്. എം.കെ. മുനീറിനെ ക്യാബിനറ്റ് പദവിയോടെയാണ് ഭരണപരിഷ്കാര കമ്മീഷന് സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഫലത്തില്‍ ഇത് ലീഗിന്റെ അഞ്ചാം മന്ത്രി തന്നെയാണ്. എന്നാല്‍ ഈ കീഴടങ്ങല്‍ ഇവിടംകൊണ്ട് അവസാനിക്കുമെന്നു കരുതാനാവില്ല. ഇപ്പോഴത്തെ നിലയ്ക്ക് മുസ്ലിം ലീഗിന് മുനീര്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരല്ല ഉള്ളതെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ പല മന്ത്രിമാരും മുസ്ലിംലീഗിന്റെ താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മുഖ്യമന്ത്രി സതീശനും ആരോഗ്യ, ദേവസ്വം മന്ത്രി കെ.മുരളീധരനുമൊക്കെ ഇവരില്‍ ഉള്‍പ്പെടുന്നു. സതീശന് മുഖ്യമന്ത്രിയാണെങ്കില്‍ ലീഗ് പ്രസിഡന്റായ പാണക്കാട് തങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രിയാണ്. ഇതിന്റെ ദുരന്തഫലം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ.
















