
ചെന്നൈ: കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് നിറം പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ വേര്‍ഷന്‍. പ്രണയത്തിലേയ്‌ക്ക് വളര്‍ന്നുപടര്‍ന്ന സൗഹൃദത്തിന്‌റെ കഥ പറയുന്ന, കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ച നിറം എന്ന ചിത്രത്തിന്‌റെ ഒരു എഐ തുടര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എബിയുടേയും സോനയുടേയും സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് എ ഐ തുടര്‍ച്ചയുടെ പ്രമേയം. വിവാഹിതരായ പ്രകാശ് മാത്യുവും വര്‍ഷയും എബിയുടെ വീട്ടിലെത്തുന്നു. ഒപ്പം ഇരുവരുടേയും അച്ഛനമ്മമാരുമുണ്ട്.
എബിയുടെയും സോനയുടെയും മകളായി മമിത ബൈജുവിനെ ചിത്രീകരിച്ചുകൊണ്ടാണ് ഈ ഹൃസ്വരൂപം അവസാനിക്കുന്നത്. ‘signature_by_aanand’ എന്ന അക്കൗണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ച തുടര്‍ച്ചയെന്ന് പലരും ഇതിനെക്കുറിച്ച് കമന്‌റു ചെയ്തിട്ടുണ്ട്.
കമല്‍ സംവിധാനം ചെയ്ത നിറം 1999-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. കാമ്പസുകള്‍ ഒന്നാകെ ഏറ്റെടുത്ത കുടുംബചിത്രം. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയ്‌ക്ക് ശത്രുഘ്‌നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.