
ഗുണ്ടൂര്‍ : പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ 2.0 പദ്ധതിക്ക് കീഴില്‍, 3,600 കോടി രൂപ മൂല്യമുള്ള മൂന്ന് ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ-ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആന്ധ്രാപ്രദേശിന് കൈമാറി. ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും പങ്കെടുത്തു. 3 ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യ പൈലറ്റ് ഭവന പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. 14 കോടി രൂപ ചെലവില്‍ 177 വീടുകളാണ് ഇങ്ങനെ നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ സംസാരിക്കവെ, സംസ്ഥാനത്തുടനീളം വികസനം ത്വരിതപ്പെടുത്തുന്നതിനും ആന്ധ്രാപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുന്നതിനും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആദ്യം 76,000 വീടുകള്‍ക്കാണ് അനുമതി നിര്‍ദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്തെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സ്ഥിരമായ വീട് ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്, അനുവദിക്കുന്ന വീടുകളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ത്തിയത്.
ബുരിപ്പാലം, ഒബുല്‍നായുഡുപാളം എന്നിവിടങ്ങളിലെ 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് പദ്ധതിയെ ഗ്രാമീണ ഭവന നിര്‍മ്മാണ മേഖലയിലെ ആധുനികവല്‍ക്കരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വിശേഷിപ്പിച്ച ശിവരാജ് സിംഗ് ചൗഹാന്‍, 14 കോടി രൂപയുടെ ഈ പൈലറ്റ് പദ്ധതി നിര്‍മ്മാണ സമയം, ചെലവ്, തൊഴിലാളികളുടെ എണ്ണം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു. അത്യാധുനിക യന്ത്രസാമഗ്രികളും 3 ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് 177 വീടുകള്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയുടെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത നിര്‍മ്മിതികളെ അപേക്ഷിച്ച് കൂടുതല്‍ ബലവും ഈടും ലഭിക്കുന്ന രീതിയിലാണ് ഈ വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉറപ്പുള്ള വീടുകള്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രം ആന്ധ്രാപ്രദേശിനെ സഹായിക്കുമെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.വികസിത് ഭാരത്-ജി-റാം-ജി’ (Vikasit Bharat-G RAM G) പദ്ധതിക്ക് കീഴില്‍ റോഡുകള്‍, ഓടകള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രം പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.