
തിരുവനന്തപുരം: എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ പേട്ട കല്ലുംമൂട്ടിലെ വീട്ടില്‍ പൊലീസ് അതിക്രമം എന്ന് പരാതി.അമ്മ മാത്രമുള്ളപ്പോള്‍ വീട്ടില്‍ പൊലീസ് അതിക്രമിച്ചു കയറിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് നീ എവിടെയുണ്ടെന്ന് അറിയാമെന്നും പാര്‍ട്ടി ഓഫീസില്‍ കയറി പിടികൂടുമെന്നും പറഞ്ഞതായി ആരോപണമുണ്ട്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിനാലാണ് നടപടി തത്കാലം നിര്‍ത്തിവച്ചതെന്നും എസ് ഐ ഗോകുല്‍ പറഞ്ഞെന്നാണ് നന്ദനും എസ് എഫ് ഐയും പറയുന്നത്.
ഭീഷണിപ്പെടുത്തലില്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് വീട്ടില്‍കയറിയതെന്നാണ് ആരോപണം.കന്റോണ്‍മെന്റ് സ്റ്റേഷനിലെ പൊലീസുകാരും ഡിസിപിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പൊലീസുമാണ് നന്ദന്റെ വീട്ടിലെത്തിയത്.
കന്റോണ്‍മെന്റ് സി ഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് നന്ദന്റെ ആരോപണം. കന്റോണ്‍മെന്റ് സി ഐ പ്രകോപന പോസ്റ്റ് ഇടുന്നു. ഔദ്യോഗിക ഫോണില്‍ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ എസ് ഐക്കെതിരെ ഇതുവരെ നടപടിയില്ലെന്നും നന്ദന്‍ ആരോപിച്ചു.
കന്റോണ്‍മെന്റ് സ്റ്റേഷന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് സംഘടനയാണെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്. സമരം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്നാണ് എസ് എഫ് ഐ നേതാക്കള്‍ പറയുന്നത്.