
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തും കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. മലപ്പുറം വേങ്ങാട് മൂര്‍ക്കനാട് മമ്മാറന്‍ വീട്ടില്‍ ജലീലിനെ (35)യാണ് ഒലവക്കോട് നിന്ന് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് പിടികൂടിയത്. കേസെടുത്തതോടെ ഒഡീഷയിലേക്ക് കടന്ന ഇയാളെ കൊച്ചിയില്‍ എത്തി തിരികെ പോകുന്നതിനിടെയാണ് പിടികൂടിയത്.
വൈത്തിരിയിലെ ഒരു ഉന്നതിയിലെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി, കേരളത്തിലേയും പുറത്തേയും ഹോട്ടലുകളില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കേരളത്തിലും ആന്ധ്രാ, ഒഡീഷ, ബംഗളൂരു തുടങ്ങിയിടങ്ങളിലും ഇയാള്‍ക്ക് ലഹരി ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലഹരിക്കേസില്‍ മൈസൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നുമുണ്ട്. കേരളത്തില്‍ അഞ്ച് കേസുകള്‍ നിലവിലുണ്ട്.