
ന്യൂദൽഹി: ഭാരതീയ കിസാൻ സംഘിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ കർഷക വനിതാ പ്രവർത്തക സമ്മേളനത്തിലെ കേരളത്തിലെ വനിതാ കർഷക സാന്നിധ്യം ശ്രദ്ധേയമായി.
ന്യൂദൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ കർഷക സമ്മേളനത്തിൽ കേരളത്തിൽ നിന്ന് നൂറ്റിയെട്ട് വനിതാ കർഷക സംരംഭ കരാണ് സംസ്ഥാന വനിതാ സംയോജക പ്രൊഫ. കോമളം ശിവരാമനൊപ്പം പങ്കെടുത്തത്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ വനിതാ പ്രവർത്തകരുടെ വലിയ പങ്കാളിത്തം പരിപാടിക്ക് വിപുലമായ സ്വഭാവം നൽകി. സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ദേശീയ വനിതാ മേധാവി മഞ്ജു ദീക്ഷിത് ആയിരുന്നു.
ഭാരതീയ കിസാൻ സംഘിന്റെ രക്ഷാധികാരിയും മുൻ ബിജെപി സംഘടനാ സെക്രട്ടറിയുമായ രാംലാൽ, ദേശീയ അധ്യക്ഷൻ കെ. സായ് റെഡ്ഡി, സംഘടനാ സെക്രട്ടറി ദിനേഷ് കുൽക്കർണി, ജനറൽ സെക്രട്ടറി മോഹൻ മോഹിനി, ദേശീയ വൈസ് പ്രസിഡന്റ് സുശീല ബിഷ്‌ണോയ്, ദേശീയ മന്ത്രി വീണ സതീഷ്, കോട്ട സർവകലാശാല വൈസ് ചാൻസലർ വിമല ഡൂങ്കാവാൾ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.
കൃഷി, പശുപാലനം, സ്വയംതൊഴിൽ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാജ്യത്തുടനീളമുള്ള 70 സ്ത്രീകളെ സമ്മേളനത്തിൽ ആദരിച്ചു.
കേരളത്തിലെ വയനാട്ടിൽ നിന്നുള്ള സഖ്യ എന്ന വനിതാ സംരംഭകരെ സമ്മേളനത്തിൽ അനുമോദിച്ചു
പ്രകൃതിദത്തമായ ജൈവകൃഷിയുമായി വനിതാ കർഷകരെ ബന്ധിപ്പിക്കുന്നതിനും കൃഷിയിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും സമ്മേളനം പ്രത്യേക ഊന്നൽ നൽകി. സ്ത്രീകളുടെ കാർഷിക മേഖലയിലെ വർധിച്ച പങ്കാളിത്തം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമാണെന്ന് കോമളം ശിവരാമൻ പറഞ്ഞു.
വനിതാ കർഷകർ കുടുംബത്തിന്റെയും കാർഷിക വ്യവസ്ഥയുടെയും പ്രധാന അടിത്തറയാണെന്നും പ്രകൃതി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനൊപ്പം കൃഷിയെ കൂടുതൽ സുസ്ഥിരവും ലാഭകരവുമാക്കാൻ കഴിയും. രാജ്യത്തുടനീളമുള്ള വലിയൊരു വിഭാഗം വനിതാ പ്രവർത്തകർ ഒരു വേദിയിൽ ഒത്തുചേർന്നത് വനിതാ ശക്തിയെയും കാർഷിക മേഖലയിലെ അവരുടെ സജീവ പങ്കിനെയും സൂചിപ്പിക്കുന്നുവെന്നും
ദൽഹിയിൽ നടന്ന ദേശീയ വനിതാ കർഷക സമ്മേളനം കേരളത്തിനും കേരളത്തിലെ വനിതാ കർഷകരുടെ മുന്നേറ്റത്തിനും തുടക്കമാകുമെന്നും അവർ പറഞ്ഞു.