Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി വിശ്വശാന്തി പഞ്ചദശാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 4ന് രാവിലെ 5.30ന് ഹരിനാമകീര്‍ത്തനം, 8.30ന് ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ ഗുരുവന്ദനം.

10.30ന് നടക്കുന്ന വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അദ്ധ്യക്ഷത വഹിക്കും. കൈമനം മാതാ അമൃതാനന്ദമയീ മഠം മഠാധിപതി ശ്രീമദ് സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രപ്രഭാഷണം നടത്തും. വി.മുരളീധരന്‍ എ.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മേയര്‍ വി.വി.രാജേഷ്, മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ടി.എന്‍.നാരായണ്‍ പത്മകുമാര്‍ പരമേശ്വര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ മാധവന്‍ ബി.നായര്‍ രചിച്ച സനാതന ധര്‍മ്മദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ ജഗദ്ഗുരുവിനെക്കുറിച്ചുള്ള കവിതകള്‍ ആലപിക്കും.

ഉച്ചയ്‌ക്ക് 12.30ന് ശ്രീരാമദാസ ആശ്രമത്തിലെ മിഥില ഭജന സമിതിയുടെ ഭജന, 2.30ന് ദിവ്യ വിമല്‍ നയിക്കുന്ന എറണാകുളം ഗുരുപാദം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മ്യൂസിക്കിന്റെ സംഗീതാര്‍ച്ചന, വൈകുന്നേരം 4:00ന് അനന്തു സുന്ദര്‍രാജ് നയിക്കുന്ന ഗാനാമൃതം, 5:00ന് ശ്രീശങ്കരം സംഗീത നൃത്തവിദ്യാലയത്തിന്റെ ചെണ്ടമേളം, 5:30ന് ആയാംകുടി മണി നയിക്കുന്ന വെച്ചൂര്‍ ബാനി മ്യൂസിക് സ്‌കൂളിന്റെ സംഗീതാരാധന എന്നിവ ഉണ്ടായിരിക്കും.

ജയന്തി ദിനമായ 4ന് രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ജ്യോതിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന സമാരംഭം, 8ന് പ്രസാദക്കഞ്ഞി വിതരണം , ഉച്ചയ്‌ക്ക് ഒന്നിന് അമൃതഭോജനം, വൈകുന്നേരം 7:00ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, രാത്രി 7.30ന് ഭജന, 8.30ന് ആരാധന. 5ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി പഞ്ചദശാഹയജ്ഞം സമംഗളം പര്യവസാനിക്കും.

Recent Posts