Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Published by
മുരളി പാറപ്പുറം

രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നൊരു സംവിധാനം പോലും വേണ്ടെന്ന ഭാവമാണ് ഇപ്പോള്‍ സോണിയ കോണ്‍ഗ്രസിനുള്ളത്. വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ തോല്‍പ്പിച്ചുവെന്നാണ് ഈ പാര്‍ട്ടി വിലപിച്ചുകൊണ്ടിരിക്കുന്നത്. എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിലാപം.

എന്താണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വിയോജിപ്പല്ല, നടപടിക്രമത്തിന്റെ ഭാഗമായ സൂക്ഷ്മപരിശോധനയാണ് നടന്നത്. സാധാരണ ഫയല്‍ കുറിപ്പുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വ്യാജ ‘പോരാട്ട’കഥയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തില്‍ വ്യക്തമായത്. എസ്‌ഐആര്‍ തീരുമാനങ്ങളില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും പരിഹാസ്യവുമായിരുന്നു. കമ്മിഷനകത്ത് യാതൊരു ഭിന്നതയും ഉണ്ടായിരുന്നില്ല.

ഏതെങ്കിലും ഒരു ഫയലില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യത്യസ്ത നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നത് പതിവു രീതിയാണ്. അത് കലാപമല്ലെന്ന് ഭരണരീതികളെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും മനസ്സിലാവും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതാണ് ഫയലുകള്‍ ചലിക്കുന്ന രീതി. വിവിധ സെക്രട്ടറിമാരുടെ വ്യത്യസ്തമായ കുറിപ്പുകള്‍ അതിലുണ്ടാവും. ഇതാണ് നടപടിക്രമം. ഇതിനര്‍ത്ഥം ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയാണെന്ന് വിശ്വസിക്കാന്‍ അസാമാന്യമായ അജ്ഞത വേണം.

എസ്‌ഐആറിന്റെ ഭാഗമായി പേരുകള്‍ നീക്കം ചെയ്യുമ്പോഴുള്ള സുരക്ഷാ സംവിധാനങ്ങള്‍, ഫോറം 6 ദുരുപയോഗിക്കാനുള്ള സാധ്യത, ഫോട്ടോ പരിശോധന, പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന പ്രവേശനാനുമതി തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഈ നിരീക്ഷണങ്ങള്‍ കമ്മിഷന്‍ പരിഗണിക്കുകയും പരിശോധിക്കുകയും അന്തിമ ഉത്തരവില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഈ ഉത്തരവില്‍ മൂന്ന് കമ്മിഷണര്‍മാരും ഏകകണ്ഠമായി ഒപ്പുവച്ചു. ഇക്കാര്യങ്ങള്‍ സുതാര്യമായിരുന്നിട്ടും ഇന്ത്യന്‍ എക്‌സ്പ്രസ് ഫയല്‍ കുറിപ്പിനെ ‘വിയോജിപ്പ്’ എന്ന രീതിയില്‍ അവതരിപ്പിച്ചു.

നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഔപചാരിക വിയോജിപ്പിന് വ്യക്തമായ നടപടിക്രമമുണ്ട്. ഒരു കമ്മിഷണര്‍ ”ഞാന്‍ വിയോജിക്കുന്നു” എന്നു രേഖപ്പെടുത്തി അന്തിമ ഉത്തരവില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും, പ്രത്യേക വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്താല്‍ മാത്രമാണ് അതിനെ ഔപചാരിക വിയോജിപ്പായി കണക്കാക്കുകയുള്ളൂ. എസ്‌ഐആറിന്റെ കാര്യത്തില്‍ ഇത്തരമൊരു സംഭവം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഉണ്ടായിട്ടേയില്ല. 14 ഫയല്‍ കുറിപ്പുകളില്‍ ഒരു വിയോജനക്കുറിപ്പില്ല, പ്രത്യേക ഉത്തരവുമില്ല. കമ്മിഷണര്‍മാരായ സന്ധുവും ജോഷിയും യഥാര്‍ത്ഥത്തില്‍ വിയോജിച്ചിരുന്നെങ്കില്‍, അവര്‍ അന്തിമ എസ്‌ഐആര്‍ ഉത്തരവില്‍ ഒപ്പിടുമായിരുന്നോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ എക്‌സ്പ്രസും, വിവാദ ‘വാര്‍ത്ത’ ഏറ്റുപിടിച്ചവരും മറുപടി നല്‍കിയില്ല.

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കിടയിലെ ‘ആശയപരമായ ഭിന്നതകളെ’ കുറിച്ചോ, അവരുടെ ‘2-1 വോട്ടിങ്ങിനെ’കുറിച്ചോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക: ഇന്ന് മൂന്ന് അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിലവിലുള്ളത്. ഒരുകാലത്ത് സര്‍ക്കാരും നീതിന്യായ സംവിധാനവും ഇങ്ങനെയൊരു ഘടന അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒറ്റയ്‌ക്ക് തീരുമാനങ്ങള്‍ എടുക്കുന്ന രീതിയായിരുന്നു. ഭൂരിപക്ഷമനുസരിച്ച് തീരുമാനമെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഒന്നിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തിയത്. എസ്‌ഐആറിന്റെ കാര്യത്തില്‍ ഭൂരിപക്ഷമനുസരിച്ചല്ല, ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ഒരേ അഭിപ്രായത്തില്‍ സംസാരിക്കുന്നില്ലെങ്കില്‍ അതല്ലേ ആ സംവിധാനത്തിന്റെ കരുത്ത്, അതല്ലേ ശരിയായ ജനാധിപത്യം? ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇടപെടാന്‍ സുപ്രീംകോടതിയുണ്ട്. ഇങ്ങനെ ഇടപെടേണ്ടി വന്നേക്കാം എന്നതിനാലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്നതിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയുള്ള നിയമനിര്‍മ്മാണം നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയത്.

മാധ്യമങ്ങളുടെ ദാസ്യവൃത്തി

അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയാത്തതിന്റെ അമര്‍ഷത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാനെന്ന പേരില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കടന്നാക്രമിച്ച് വിശ്വാസ്യത നശിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും പിന്തുണയ്‌ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തയ്യാറാവുന്നു. ഇതിനു പിന്നില്‍ പല ഇടനിലക്കാരും ഇടപാടുകളുമുണ്ട്. സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞിട്ടുള്ള ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയാവണമെന്ന് വാശിപിടിച്ചു നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ ഉയര്‍ത്തിക്കാട്ടുകയും, ഇയാള്‍ പറഞ്ഞു നടക്കുന്ന ബാലിശമായ കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് ഈ മാധ്യമങ്ങള്‍ എടുക്കുന്നത്.

രണ്ടു വിധത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഒന്നുകില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. അല്ലെങ്കില്‍ മാധ്യമങ്ങള്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റുപിടിക്കുന്നു. രണ്ടാമത്തെ രീതിയാണ്, എസ്‌ഐആര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നുവെന്നും, ഇതിനെ അവഗണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകാധിപത്യപരമായി തീരുമാനങ്ങള്‍ എടുത്തുവെന്നുമുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ‘വെളിപ്പെടുത്തല്‍.’ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി വിശദീകരിച്ചിട്ടും അംഗീകരിക്കാതെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്‌ക്കണം, അല്ലെങ്കില്‍ പുറത്താക്കുകയും ശിക്ഷിക്കുകയും വേണം എന്നൊക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഒരാളും രാജിവയ്‌ക്കാന്‍ പോകുന്നില്ലെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. നിയമവിരുദ്ധമായി എന്തോ നടന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണിത്.

മുഖ്യമായും കോണ്‍ഗ്രസിനു വേണ്ടി പണം വാങ്ങിയുള്ള വാര്‍ത്താ നിര്‍മിതിയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയതെന്ന് പ്രമുഖ നിയമജ്ഞന്‍ മഹേഷ് ജെത് മലാനിയെ പോ
ലുള്ളവര്‍ ഉത്തരവാദിത്വത്തോടെ പറഞ്ഞിരിക്കുന്നു. രാംനാഥ് ഗോയങ്കയെപോലെ സത്യസന്ധനും ധീരനുമായ ഒരാളുടെ പത്രമായിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്ന് ആ പാരമ്പര്യമെല്ലാം കളഞ്ഞു കുളിച്ച് പണം വാങ്ങി വാര്‍ത്ത മെനയുന്ന സ്ഥിതിയിലേക്ക് അധഃപതിച്ചിരിക്കുന്നു. തനി കച്ചവടക്കാരനെ പോലെ ഇടപാടുറപ്പിച്ച് അതുപ്രകാരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നയാളാണ് കുറേക്കാലമായി ആ പത്രത്തെ നയിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഗുരുതര സ്വഭാവമുള്ളതും എന്നാല്‍ അടിസ്ഥാന രഹിതവുമായ പല കാര്യങ്ങളും വാര്‍ത്തകള്‍ എന്ന ലേബലില്‍ ഈ പത്രം സമീപകാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.

ഏതെങ്കിലും ഒരു പത്രത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ പ്രവണത. ഒരു പത്രമോ ചാനലോ പുറത്തുവിടുന്ന കള്ളവാര്‍ത്ത പരസ്പര ധാരണയോടെ മറ്റു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ‘ഏകാധിപത്യത്തെ’ വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായല്ലോ. മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഉന്നയിച്ച റഫാല്‍ വിമാന അഴിമതിയെ കുറിച്ച് നിരവധി ‘വെളിപ്പെടുത്തലുകള്‍’ നടത്തിയ പത്രമാണല്ലോ ദ ഹിന്ദു. എന്നാല്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഈ ആരോപണങ്ങള്‍ സുപ്രീംകോടതി തള്ളിയതോടെ പത്രത്തിന് തിരുത്തേണ്ടിവന്നു. മാധ്യമപ്രവര്‍ത്തനം ദേശവിരുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തനമാക്കിയിട്ടുള്ള ഈ പത്രങ്ങളെ Anti Indian Express, Anti Hindu, Times off India എന്നിങ്ങനെയാണ് ഇപ്പോള്‍ വിളിക്കേണ്ടത്.

വന്‍കിട ഇംഗ്ലീഷ് പത്രങ്ങള്‍ ആയതുകൊണ്ട് ഇവര്‍ നിക്ഷിപ്ത രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി നല്‍കുന്ന ഏത് വാര്‍ത്തയും മുഖ്യധാര മലയാള മാധ്യമങ്ങളും അതേപടി പകര്‍ത്തിവയ്‌ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയുടെ കാര്യത്തിലും ഇതുണ്ടായി. ഇത് ഒരുതരം ദാസ്യവേലയാണെന്ന് വായനക്കാര്‍ പലരും തിരിച്ചറിയുമ്പോഴും, പത്ര ഉടമകളും പത്രാധിപന്മാരും ഈ തരംതാണ പണി തുടരുക തന്നെയാണ്.

കോണ്‍ഗ്രസ് ഭരണത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

അധികാരത്തില്‍ വന്നപ്പോഴൊക്കെ ജനാധിപത്യത്തെ കുടുംബവാഴ്ചയാക്കി മാറ്റിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവരാണ് ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നത്!

സ്വതന്ത്ര ഭാരതത്തില്‍ നാല് പതിറ്റാണ്ട് കാലം ഒരൊറ്റ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിന്റെ ഫലമായി 1984 ല്‍ 400 ലേറെ സീറ്റ് നേടി ഭരണത്തിലേറിയ രാജീവ് ഗാന്ധിയാണ് തന്റെ അധികാരത്തെ നിയന്ത്രിക്കുന്ന മറ്റൊരു സ്വതന്ത്ര അധികാര കേന്ദ്രം ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇടപെടാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം ഭരണഘടനാപരമാണെന്നും, മറ്റാരും അതില്‍ ഇടപെടാന്‍ പാടില്ലെന്നും ഉറച്ചു വിശ്വസിച്ച ആര്‍.വി.എസ്. പെരിശാസ്ത്രിയായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ ഹരിയാന തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന രാജീവ് ഗാന്ധിയുടെ ആവശ്യം പെരിശാസ്ത്രി നിരസിച്ചു. രാജീവ് ഭയന്നതുപോലെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. ലോക്ദള്‍- ബിജെപി സഖ്യം അധികാരത്തില്‍ വന്നു. പെരിശാസ്ത്രി യഥാസമയം രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടത്തി രാഷ്‌ട്രപതിയെ തെരഞ്ഞെടുത്തെങ്കിലും രാജീവ് ഗാന്ധിയുടെ ധാര്‍ഷ്ട്യത്തിന് തിരിച്ചടിയേറ്റു. ഫരീദാബാദ് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും പെരിശാസ്ത്രി നിരസിച്ചു. ബൂത്ത് പിടുത്തം നടന്നതായി ആരോപിക്കപ്പെട്ട ഇടങ്ങളില്‍ മാത്രം വീണ്ടും വോട്ടെടുപ്പ് നടത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടര്‍ന്നെങ്കിലും കീഴടങ്ങാന്‍ പെരിശാസ്ത്രി തയ്യാറായിരുന്നില്ല. ഇതോടെയാണ് രണ്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ വിപുലീകരിച്ചത്. പെരിശാസ്ത്രിയെ അറിയിക്കാതെയാണ് രാഷ്‌ട്രപതി ആര്‍. വെങ്കിട്ടരാമനെക്കൊണ്ട് രാജീവ് ഗാന്ധി ഇത് ചെയ്യിച്ചത്. സത്യസന്ധനായിരുന്ന പെരിശാസ്ത്രിയുടെ തീരുമാനത്തെ മറികടക്കാനായിരുന്നു ഇങ്ങനെയൊരു പ്രഹസനം അരങ്ങേറിയത്. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവില്‍ വന്ന പിറ്റേദിവസം തന്നെ രാജീവ് ഗാന്ധി ഉദ്ദേശ്യം വ്യക്തമാക്കി. 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏകപക്ഷീയമായി നടത്തി. പ്രചാരണം നടത്താന്‍ പ്രതിപക്ഷത്തിന് വേണ്ടത്ര സമയം നല്‍കാതിരിക്കാനായിരുന്നു ഇത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സ്വയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാരം കുറയ്‌ക്കാന്‍ വേണ്ടിയാണ് മൂന്നംഗ കമ്മിഷന്‍ രൂപീകരിച്ചതെന്ന് രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതേ രാജീവ് ഗാന്ധി തന്നെ മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷനെ വിപുലീകരിക്കുന്നതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തയാളാണ്. വി.പി.സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും ഒരൊറ്റ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയോഗിച്ചു. തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും വിജയിച്ചില്ല.

പിന്നീട് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ ടി.എന്‍. ശേഷനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ശേഷനെ വരുതിയിലാക്കാന്‍ ഇതേ സര്‍ക്കാര്‍ തന്നെ എം.എസ്. ഗില്ലിനെയും ജി.വി.ജി കൃഷ്ണമൂര്‍ത്തിയെയും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അംഗങ്ങളാക്കി. (ഈ ഗില്ലാണ് പിന്നീട് യുപിഎ സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയായത്.) ശേഷന്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും തീരുമാനം ശരിവയ്‌ക്കുകയായിരുന്നു. ഈ ചരിത്രം അറിയാവുന്നവര്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഇപ്പോഴത്തെ പ്രചാരവേലയെ പുച്ഛിച്ചുതള്ളും.

ഇപ്പോഴും ഭരണത്തിലാണെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനുള്ളത്. തങ്ങള്‍ പറയുന്നതാണ് രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് ഈ പാര്‍ട്ടി വാശിപിടിക്കുന്നു. 12 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. സംസ്ഥാനങ്ങളില്‍ ഇതിനു മുന്‍പേ അധികാരത്തില്‍നിന്ന് പുറത്താവുകയും ചെയ്തു. ഇതിനൊക്കെ കാരണം 2025 ല്‍ മാത്രം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറാണെന്ന് പറയുന്നതിലെ വിഡ്ഢിത്തം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.