World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ട് ഡോസ് പെന്റോബാർബിറ്റൽ എന്ന മാരകമരുന്ന് നൽകിയിട്ടും ക്രിസ്റ്റ പൈക്ക് മരിച്ചില്ല. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ബുധനാഴ്ച രാത്രിയായിരുന്നു വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകരെ സാക്ഷികളായി അനുവദിച്ചിരുന്നു. നടപടിക്കിടെ രണ്ട് ഡോസ് മരുന്ന് നൽകിയതായി അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ ടെന്നസി ഗവർണർ ബിൽ ലീ 2026ൽ ഇനി നിശ്ചയിച്ചിരുന്ന വധശിക്ഷകൾ നിർത്തിവെച്ചു. ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷാ നടപടിയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ മൂന്നാംകക്ഷി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ഗവർണർ അറിയിച്ചു.

1995-ൽ 19 വയസ്സുള്ള കോളീൻ സ്ലെമ്മർ എന്ന പെൺകുട്ടിയെ പങ്കാളിയായ തഡാരിൽ ഷിപ്പുമായി ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് 1996-ൽ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിക്കുന്നത്. യു.എസ് സുപ്രീം കോടതിയുടെ നിർണായക അനുമതി ലഭിച്ചതിനെ തുടർന്ന് ടെന്നസിയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് വധശിക്ഷയ്‌ക്കുള്ള നടപടികൾ ആരംഭിച്ചത്.

പെന്‍റോബാർബിറ്റാൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകൾ ക്രിസ്റ്റയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ക്രിസ്റ്റയുടെ ഹൃദയമിടിപ്പ് നിലച്ചില്ല. ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്നും ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് പോലെ ശ്വാസമെടുക്കുകയും വേദനകൊണ്ട് അലറുകയും ചെയ്തതായി സാക്ഷികളും അഭിഭാഷകരും വെളിപ്പെടുത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ വധശിക്ഷ പൂർത്തിയാകാത്തതിനെ തുടർന്ന് ജയിൽ അധികൃതർ ശ്രമം ഉപേക്ഷിക്കുകയും സാക്ഷികളെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്റ്റയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

സംഭവം വൻ വീഴ്ചയായതിനെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ചു തീരുന്നതുവരെ ടെന്നസിയിൽ ഈ വർഷം നിശ്ചയിച്ചിരുന്ന മറ്റ് വധശിക്ഷകളെല്ലാം നിർത്തിവെക്കാൻ ഉത്തരവായി. ഒരു വധശിക്ഷാശ്രമം പരാജയപ്പെട്ടാൽ വീണ്ടും നടപ്പാക്കാൻ നിയമപരമായ മുൻമാതൃകകൾ (യു.എസിലുണ്ട്. എന്നാൽ വീണ്ടും വധശിക്ഷ നടത്തുന്നത് “ക്രൂരവും അസ്വാഭാവികവുമായ ശിക്ഷാരീതിക്ക് എതിരാണെന്ന് കാണിച്ച് ക്രിസ്റ്റയുടെ അഭിഭാഷകർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന ഒരു ശക്തമായ സെഡേറ്റീവ് ആണ് പെന്‍റോബാർബിറ്റാൽ. ചെറിയ അളവിൽ ഇത് ചില ചികിത്സകൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും, ഉയർന്ന ഡോസിൽ ഇത് ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകുന്നു. ഫെഡറൽ തലത്തിൽ ഈ മരുന്ന് ഉപയോഗിച്ചുള്ള വധശിക്ഷകൾക്ക് പീഡന സാധ്യത മുന്നിൽനിർത്തി വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും, ടെന്നസി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സ്വന്തം പ്രോട്ടോക്കോൾ അനുസരിച്ച് ഇത് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.

വധശിക്ഷയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ നൽകാൻ പ്രമുഖ ഔഷധ നിർമ്മാണ കമ്പനികൾ വിസമ്മതിക്കുന്നതാണ് അമേരിക്കയിലെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ഇത് കാരണം പലപ്പോഴും അപൂർവമായോ അല്ലെങ്കിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകളോ ഉപയോഗിക്കേണ്ടി വരുന്നതായുള്ള ആരോപണവും ശക്തമാണ്. ഡെത്ത് പെനൽറ്റി ഇൻഫർമേഷൻ സെന്‍ററിന്റെ ർകണക്കുകൾ പ്രകാരം, അമേരിക്കയിൽ നടക്കുന്ന വധശിക്ഷകളിൽ ഏറ്റവും കൂടുതൽ പിഴവുകൾ സംഭവിക്കുന്നത് വിഷം കുത്തി വച്ചുള്ള സംഭവങ്ങളിലാണ്. 2022-ൽ മാത്രം യു.എസിൽ നടന്ന മൂന്നിലൊന്ന് വധശിക്ഷകളും വലിയ പിഴവുകളോടെയാണ് കലാശിച്ചത്. കൊല്ലപ്പെട്ട കോളീൻ സ്ലെമ്മറിന്റെ കുടുംബം ഈ സംഭവവികാസങ്ങളിൽ കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്.