
ന്യൂദല്‍ഹി: ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980ല്‍ പുറത്തുവന്ന തമിഴ് ചിത്രമായ ‘മൂടുപനി’ യിലെ ‘എന്‍ ഇനിയ പൊന്‍ നിലാവേ’ എന്ന ഗാനത്തിന്റെ വരികള്‍ക്കും ശബ്ദരേഖയ്‌ക്കും സംഗീതസംവിധായകന്‍ ഇളയരാജയ്‌ക്ക് പകര്‍പ്പവകാശമില്ലെന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
മ്യൂസിക് ലേബലായ സരേഗമയ്‌ക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഇളയരാജ അപ്പീല്‍ നല്‍കിയത്.
‘എന്‍ ഇനിയ പൊന്‍ നിലാവേ’ എന്ന ഗാനത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്‌റ ‘അഘത്തിയ’ എന്ന ചിത്രത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഇളയരാജയുടെ നടപടിയാണ് കേസിനാധാരം. ചലച്ചിത്ര നിര്‍മ്മാതാവില്‍നിന്ന് ആ ഗാനത്തിന്‌റെ അവകാശം തങ്ങള്‍ നേടിയിട്ടുണ്ടെന്ന് സരേഗമ വാദിച്ചു.
ഗാനത്തിന്റെ സംഗീതത്തിലോ ഈണത്തിലോ മാത്രമേ ഇളയരാജയ്‌ക്ക് അവകാശമുള്ളൂ എന്നും വരികളിലോ ശബ്ദരേഖയിലോ അവകാശമില്ലെന്നും ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.