Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

Published by
കാവാലം ശശികുമാര്‍

പത്രാധിപര്‍ പലരുണ്ടായി; പ്രശസ്തര്‍, പ്രമുഖര്‍, പ്രഗല്ഭര്‍. അവരില്‍ ‘പ്രവാചകര്‍’ എത്രയുണ്ടായിരുന്നു? അടുത്തറിഞ്ഞ രണ്ടുപേരെ പ്രവാചകരായ പത്രാധിപര്‍ എന്നു വിശേഷിപ്പിക്കാന്‍ അഭിമാനമുണ്ട്. അതിലൊരാള്‍ കഴിഞ്ഞ ദിവസം അന്തരിച്ച കേസരിയുടെ മുന്‍ പത്രാധിപര്‍ എം.എ. സാറാണ്; മറ്റൊരാള്‍ ജന്മഭൂമിയുടെ മുന്‍ ചീഫ് എഡിറ്ററായിരുന്ന അന്തരിച്ച വി.എം. കൊറാത്തും. വാര്‍ത്ത അറിയിക്കുക എന്നാല്‍ സംഭവിച്ചത്, നാളെ അല്ലെങ്കില്‍ സമീപഭാവിയില്‍ സംഭവിക്കാനിടയുള്ളത് അറിയിക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിച്ചവര്‍ ഏറെയാണ്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പേ നീണ്ടകാലം കഴിഞ്ഞാല്‍ സംഭവിക്കാനിടയുള്ളത് വിളിച്ചുപറഞ്ഞവരാണ് ഇവര്‍ രണ്ടുപേരും. മാധ്യമലോകത്ത് ഗവേഷണം നടത്താവുന്ന വിഷയമാണിത്.

തിരുത്തിയ ധാരണകള്‍
ജനകീയനാകാന്‍ മരണവീട്ടിലും കല്യാണപ്പന്തലിലും പേരിടീല്‍ ചടങ്ങിലും ഒന്നൊഴിയാതെ കയറിയിറങ്ങണമെന്നാണ് പൊതുധാരണ. വേഷത്തില്‍, സ്വയംപ്രദര്‍ശനത്തില്‍, വാക്കില്‍, പൊതുവേദിയില്‍ ‘വിലസി’ വേണം അത് സാധ്യമാക്കാനെന്നും ചിലര്‍ക്ക് ധാരണയുണ്ട്. എന്നാല്‍, എം.എ. സാര്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചാണ് സാംസ്‌കാരിക ലോകത്ത് ജനകീയനായത്; സാംസ്‌കാരിക പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. അതാണ് തപസ്യയായി വളര്‍ന്നത്.

നാലു ചുവരുകള്‍ക്കുള്ളിലിരുന്നാണ് നാടിന്റെ ഓരോ മുക്കിലും മൂലയിലും കുട്ടികളെ സംഘടിപ്പിച്ചതും നാടിന്റെ സ്പന്ദനമറിഞ്ഞ് അതിനെ നിയന്ത്രിച്ചതും. ശ്രീകൃഷ്ണ ജയന്തിയും ശോഭായാത്രയുമായി സാംസ്‌കാരികതയുടെ വിശ്വരൂപത്തിന്റെ ചെറുപതിപ്പായി അത് പ്രകടമാകുന്നു. ബാലഗോകുലത്തിലൂടെ വളര്‍ത്തിപ്പെരുക്കിയ സാംസ്‌കാരികധാരയുടെ ആഴവും പരപ്പും വലുതാണ്; അതിന്റെ അന്തര്‍ധാരയും.

വേറിട്ട കാഴ്ചപ്പാടുകള്‍

ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞം, ചെറിയ പുസ്തകങ്ങള്‍ വീടുകളില്‍ ഗോകുല പ്രവര്‍ത്തകര്‍ കൊടുത്ത് പണം വാങ്ങുന്നതായിരുന്നു. നാമമാത്രമാണ് വില. എങ്കിലും അതൊരു ജ്ഞാനയജ്ഞവും സമ്പര്‍ക്കയജ്ഞവുമായിരുന്നു. താലൂക്കിലോ ജില്ലയിലോ കണക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ എറണാകുളത്ത് ആര്‍എസ്എസ് കാര്യാലയത്തിലെത്തി എം.എ. സാറിനെ കണ്ട് കണക്ക് ഏല്‍പ്പിക്കാന്‍ വിധിയായി. ആദ്യമായാണ് ആ മഹാനഗരത്തിലെത്തുന്നത്. ചെന്നു കണ്ടുപിടിച്ച് കണക്കും ബാക്കി പുസ്തകവും പണവും കൈമാറി. കണക്കിലുള്ളതിനേക്കാള്‍ രണ്ടുരൂപ കൂടുതല്‍! അതെങ്ങനെ ശരിയാകും? തിരിച്ചും മറിച്ചും എം.എ. സാര്‍ എണ്ണിച്ചു. ഞാന്‍ വിയര്‍ത്തു; ആദ്യമായാണ് സാറിനെ കാണുന്നത്. സംഘടനാ പ്രവര്‍ത്തനമാണ്, അധികമുള്ള രണ്ടുരൂപയ്‌ക്ക് വിശദീകരണം നല്‍കാനും സാധിക്കുന്നില്ല.

ഒടുവില്‍ ഓര്‍മ്മവന്നു: നഗരത്തിലേക്ക് പോകുന്നതറിഞ്ഞ്, ആലപ്പുഴ ജെട്ടി റോഡില്‍ അന്നുണ്ടായിരുന്ന മഞ്ജുളാ ബേക്കറിക്ക് സമീപം ലോട്ടറി കച്ചവടം നടത്തുന്ന സി. വിദ്യാധരന്റെ പക്കല്‍നിന്ന് ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഒരു അമ്മ തന്നയച്ചതാണ് ആ രണ്ടുരൂപ!

സാര്‍ പറഞ്ഞു: ‘കണക്കും കണക്കുകൂട്ടലും കൃത്യമായിരിക്കണം. ഒരു പൈസ കുറഞ്ഞാലും കൂടിയാലും പിശകാണ്, പ്രത്യേകിച്ച് സംഘടനാ പ്രവര്‍ത്തനത്തില്‍.’ ഗുരുമുഖത്തുനിന്ന് കിട്ടിയ, മുമ്പ് ആരും പറഞ്ഞുതന്നിട്ടില്ലാത്ത ആദ്യപാഠം!
ജന്മഭൂമിയില്‍ ചേര്‍ന്ന കാലം; ഓഫീസിന്റെ മതിലപ്പുറത്തുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ ഇടയ്‌ക്ക് പോകും. ഒരു മാസികയോ പുസ്തകമോ വായിച്ച് സാര്‍ ഇരിക്കുന്നുണ്ടാകും. കുശലപ്രശ്‌നം, വാര്‍ത്താവിശേഷം… ഓണപ്പതിപ്പിന്റെ പ്രവര്‍ത്തനം നടക്കുന്ന സമയമായിരുന്നു അത്. സിനിമയില്‍ ചന്ദനക്കുറി, അമ്പലം, വാല്‍ക്കിണ്ടി, മന, ഇല്ലം, ഉത്സവം ഒക്കെ കാണിച്ച് മലയാളസിനിമയെ ‘ഹിന്ദുത്വവല്‍ക്കരിക്കുന്നു’വെന്ന വിമര്‍ശനം ജമാഅത്തെ ഇസ്ലാമി അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അതിനെതിരെ എഴുതാനുള്ള സാമഗ്രികള്‍ ഒരിക്കല്‍ ചര്‍ച്ചാവിഷയമായി. എന്നെ കേട്ടശേഷം സാറിന്റെ ഒറ്റച്ചോദ്യം: ‘ഇതൊക്കെയാണ് ഹിന്ദുത്വമെന്ന് ആരു പറഞ്ഞു? അതല്ല ഹിന്ദുത്വമെന്ന് പറയണം…’ ഒറ്റ വാക്യത്തിലൂടെ കാഴ്ചപ്പാട് മാറ്റുകയായിരുന്നു സാര്‍.

ഒ.എന്‍.വി കവിതയെ, സുഗതകുമാരിയുടെ എഴുത്തുകളെ, അക്കിത്തത്തെ നിരൂപിച്ചും വിമര്‍ശിച്ചും സാര്‍ സാഹിത്യകാഴ്ചപ്പാടുകള്‍ ശക്തിപ്പെടുത്തിത്തന്നു. മലയാളം സര്‍വ്വകലാശാല വേണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്ന കാലം; അത് എങ്ങനെ വേണമെന്ന ചര്‍ച്ചകളുടെ കാലം. ഒരു സായാഹ്നത്തില്‍ സാര്‍ വര്‍ത്തമാനത്തിന് വിളിച്ചു. ചെന്നപ്പോള്‍ 20 പേജുള്ള ഒരു കുറിപ്പ് നീട്ടി: ‘പത്രാധിപരേ, പ്രസിദ്ധീകരിക്കാനല്ല; വായിക്കാനാണ്, ചിന്തിക്കാനാണ്. സംഘടന ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് നയം സ്വരൂപിച്ചിട്ടില്ല. എന്റെ വ്യക്തിപരമായ ചിന്തയാണ്, വായിച്ചുനോക്കുക.’

സൂക്ഷ്മതലത്തില്‍, ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണവും പോഷണവുമാണ് മലയാളം സര്‍വ്വകലാശാലകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളാണ് അതില്‍ വിവരിച്ചിരുന്നത്. ഉയര്‍ന്നുവന്ന ഒരു ചര്‍ച്ചകളിലും പരാമര്‍ശിക്കാത്ത വിഷയങ്ങള്‍, നയരൂപീകരണത്തിനുള്ള സൂചനകള്‍… ഇങ്ങനെ വ്യത്യസ്തമായ എത്രയത്ര പാഠങ്ങള്‍ തന്നു ഗുരു എം.എ. സാര്‍.