Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Published by
പായിപ്ര രാധാകൃഷ്ണന്‍

അടിയന്താവസ്ഥക്കാലം. സംഭരണ വകുപ്പില്‍ സ്ഥിരം നിയമനം കിട്ടി, എറണാകുളം ജില്ലാ ഓഫീസില്‍ പ്രവേശിച്ചിട്ട് അധികമായിട്ടില്ല. ഒരു ദിവസം എംഎ സാര്‍ വിളിച്ചു പറഞ്ഞു. മട്ടാഞ്ചേരിയിലൊരു സാംസ്‌കാരിക സമ്മേളനം. പങ്കെടുക്കാനാവുമോ? അന്നും ഇന്നും എനിക്കേറ്റവും ആദരവു തോന്നിയിട്ടുള്ള വ്യക്തിത്വങ്ങളില്‍ പ്രമുഖന്‍. മുന്‍പിന്‍ ആലോചിക്കാതെ, വിശദാംശങ്ങള്‍ ചോദിക്കാതെ ഞാന്‍ സമ്മതം മൂളി. സന്ധ്യ കഴിഞ്ഞ് എന്നെ കൊണ്ടുപോകാനുള്ള വാഹനം പള്ളിമുക്കിലെ എന്റെ വാസസ്ഥാനത്തെത്തി. കാറില്‍ സുകുമാരന്‍ പൊറ്റക്കാട്ടുമുണ്ട്. അന്നദ്ദേഹം മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ എഡിറ്ററാണ്. വാരാന്ത്യപ്പതിപ്പില്‍ മുനയും മൂര്‍ച്ചയുമുള്ള പുസ്തക നിരൂപണക്കുറിപ്പുകള്‍ ഞാന്‍ സ്ഥിരമായി എഴുതുന്ന കാലം. എനിക്ക് സന്തോഷമായി.

കുറച്ചു കഴിഞ്ഞപ്പോള്‍ പൊറ്റെക്കാട്ട് എന്നോട് ചോദിച്ചു. താന്‍ വേണ്ടപോലെ ആലോചിച്ചിട്ടാണോ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്? എനിക്കതിന്റെ പൊരുള്‍ അപ്പോള്‍ ശരിക്കും പിടികിട്ടിയില്ല. പക്ഷെ മട്ടാഞ്ചേരി ടൗണ്‍ഹാള്‍ അങ്കണത്തില്‍ ചെന്നിറങ്ങിയപ്പോള്‍ കാര്യം തെളിഞ്ഞുവന്നു; നഗരമധ്യത്തില്‍ സ്വയംസേവക ബന്തവസ്സില്‍ നടക്കുന്ന യോഗം. ആയിടെ കിട്ടിയ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ മധുവിധുക്കാലം കഴിഞ്ഞിട്ടില്ല. എന്റെ ഉള്ളൊന്നു പാളി. എന്തും സംഭവിക്കാവുന്ന കാലം. പക്ഷെ എന്റെ മനസ്സു പറഞ്ഞു. ഒന്നും വരില്ല. എം.എ. സാറിന്റെ സ്‌നേഹവലയത്തിനുള്ളിലാണല്ലോ ഞാന്‍.

പിന്നീട് എം.എ സാര്‍ മുന്‍കൈയെടുത്ത് എനിക്ക് തപസ്യയുടെ വിവിധ സമ്മേളനങ്ങളില്‍ മുഖ്യപങ്കാളിത്തം നല്‍കി. പാലക്കാട്ടും എറണാകുളത്തും കൊല്ലത്തുമൊക്കെ നടന്ന സംസ്ഥാന സമ്മേളനങ്ങള്‍. മഹാകവി അക്കിത്തം, എം.വി. ദേവന്‍, സുകുമാര്‍ അഴീക്കോട്, എം.ജി.എസ്. നാരായണന്‍, പി.നാരായണക്കുറുപ്പ്, വാക്കങ്കര്‍ തുടങ്ങി മഹാരഥന്മാര്‍ക്കൊപ്പം കത്തിക്കയറിയ ഒരു കാലം! (കൊല്ലത്തെ തപസ്യ സമ്മേളന വേദിയില്‍ എം.വി. ദേവന്‍ പ്രസംഗിച്ചുനില്‍ക്കുമ്പോള്‍ വാക്കങ്കര്‍ തത്‌സമയം വരച്ചുതന്ന എന്റെ ഒരു ചെറു കാരിക്കേച്ചര്‍ ഇന്നും കൈവശമുണ്ട്). എക്കാലവും ഓര്‍മ്മയില്‍ ഓമനിക്കാന്‍ തിളക്കമുള്ള അനുഭവങ്ങള്‍.

എം.എ. സാറിന്റെ കേസരിക്കാലവും എനിക്ക് ഓര്‍ക്കാനേറെയുണ്ട്. കലാകൗമുദി, മാതൃഭൂമി, ഭാഷാപോഷിണി, മലയാളനാട് എന്നിവയില്‍ സജീവമായിരുന്ന അക്കാലത്ത് കേസരിയില്‍ എഴുതാന്‍ പ്രേരണയായത് എം.എ സാറിന്റെ സ്‌നേഹവാത്‌സല്യ സമീപനങ്ങളായിരുന്നു. അക്കാലത്ത് കേസരി വിശേഷാല്‍ പതിപ്പുകളില്‍ ഞാന്‍ സ്ഥിരമായി എഴുതിയിരുന്നു.
കേസരിക്കാലത്തെ ഏറ്റവു ഹൃദ്യമായ അനുഭവം കോഴിക്കോട്ട് നടന്ന ലേഖകസദസ്സാണ്. മലയാളത്തില്‍ ഒരു പ്രസിദ്ധീകരണവും അത്തരമൊരു സദസ്സ് ഇന്നും യാഥാര്‍ത്ഥ്യമാക്കിയിട്ടില്ല. ഞാനും നളിനിയും (നളിനീ ബേക്കല്‍) ആ കൂട്ടായ്‌മയില്‍ ആദ്യന്തം പങ്കെടുത്തിരുന്നു. മാരാര്‍ജിയെ അടുത്തറിയുന്നതവിടെവച്ചാണ്. കേസരിയുമായുള്ള ആ ആത്മബന്ധം പിന്നീടുള്ള പത്രാധിപന്മാരിലൂടെ ഇന്നും തുടരുന്നു.

എം.എ സാറിന്റെ ഏറ്റവും മികച്ച സര്‍ഗ്ഗസൃഷ്ടി ബാലഗോകുലമാണ്. കേരളം ഇരുകൈകളും നീട്ടി വാരിപ്പുണര്‍ന്ന മറ്റൊരു സംരംഭമില്ല. നാടെമ്പാടും അമ്പാടിയാക്കി മാറ്റുന്ന ബാലഗോകുലം ദേശ-പ്രായകക്ഷിഭേദങ്ങളില്ലാതെ നെഞ്ചേറ്റുകയായിരുന്നു. കണ്ണൂരില്‍ കമ്യൂണിസ്റ്റുകാര്‍ പോലും ശോഭായാത്രയില്‍ ആവേശഭരിതരാകുകയാണല്ലോ?

നേതൃത്വഗുണം എങ്ങനെ സര്‍ഗ്ഗാത്മകവും സ്‌നേഹനിര്‍ഭരവുമാകാമെന്ന് എം.എ സാര്‍ ജീവിതംകൊണ്ട് പ്രകാശിപ്പിക്കുകയായിരുന്നു.

‘എം.എ. കൃഷ്ണന്‍’ എന്ന നാമരൂപത്തില്‍നിന്നും ‘കൃഷ്ണന്‍’ ബാലഗോകുലക്കണ്ണനായി. കേരളീയ സാംസ്‌കാരിക നഭസ്സില്‍ എന്നും ജ്വലിച്ചുനില്‍ക്കും. പു
തുതലമുറ ഇതിലേറെ വാത്‌സല്യവും സ്‌നേഹപരിഗണനകളും സാഹിത്യ സാംസ്‌കാരിക മേഖലയില്‍ മറ്റൊരിടത്തുനിന്നും അനുഭവിച്ചതായി ഓര്‍മ്മയില്ല.
ആ സമര്‍പ്പിത ജീവിതത്തിനു മുന്നില്‍ പ്രണാമം.

 

Published by
പായിപ്ര രാധാകൃഷ്ണന്‍