
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര വോട്ടര്‍പട്ടിക (എസ്‌ഐആര്‍) പരിഷ്‌കരണ നടപടികള്‍ക്ക് ആര്‍എസ്എസ് പിന്തുണ. ഭാരത പൗരന്മാര്‍ക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശം പാടുള്ളൂ. പൗരത്വവും വോട്ടവകാശവും രാഷ്‌ട്രീയ നേട്ടത്തിനായി ആരും ഉപയോഗിക്കരുതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
രാഷ്‌ട്രീയ പരിഗണനകളില്‍ രാജ്യത്ത് ആര്‍ക്കും വോട്ടവകാശം അനുവദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഭാരത പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുള്ളത്. രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ അര്‍ഹരായ പൗരന്മാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം അനര്‍ഹരെ തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ എസ്‌ഐആര്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുപോകണമെന്നും ആംബേക്കര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിന് എന്‍ആര്‍സി സംവിധാനം ശക്തിപ്പെടുത്തണം. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങളും ഗൗരവമായി പഠിക്കേണ്ടതുണ്ട്. വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും അതിന്റെ സാമൂഹിക, ദേശീയ പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി വിലയിരുത്തണമെന്നും ആംബേക്കര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.