കൊച്ചി: മാസപ്പടിക്കേസില്‍ ഇ ഡിയുടെ അസാധാരണ നീക്കത്തില്‍ പകച്ച് സിപിഎമ്മും പിണറായിയും കുടുംബവും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും സിപിഎം സെക്രട്ടേറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി പോലീസ് മേധാവിക്ക് കത്ത് നല്‍കിയത് ഇ ഡിയുടെ ഇത്തരത്തിലൊരു നീക്കം സിപിഎമ്മോ പിണറായിയോ പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് അപ്രതീക്ഷിത ആഘാതമായി മാറിയിരിക്കുന്നത്.
സിപിഎമ്മിന്റെ സുപ്രധാനമായ വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉയര്‍ന്നിരിക്കുന്ന വിവാദം പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്‌ഫോടനം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മില്‍ പിണറായി വിജയന്റെ ഏകഛത്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന നിര്‍ണായക രാഷ്‌ട്രീയ തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മെയ് 27 ന് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ രീതിയില്‍ പ്രതിരോധത്തിന് ആരും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇ ഡിയെ ആക്രമിച്ചവര്‍ ജയിലിലായതും സിപിഎമ്മിനുള്ളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് പിന്നീട് നടന്ന ഇ ഡി റെയ്ഡുകളില്‍ സിപിഎം രംഗത്തെത്താതിരുന്നതും.
ഇപ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായിക്കെതിരെ ഒളിയമ്പുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് കഴിഞ്ഞ ദിവസം പിണറായിക്കെതിരെ പരോക്ഷമായി നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്. നേതാക്കളില്‍ വലിയൊരു വിഭാഗം പിണറായിയുടെ നിലപാടുകളോട് പരസ്യമായോ അല്ലാതെയോ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വിശാല സംസ്ഥാന സമിതിയിലെ അവസരം ഉപയോഗിച്ചേക്കും. മകള്‍ക്കെതിരായ കേസ് കുടുംബ വിഷയം മാത്രമായി ഒതുക്കാതെ പാര്‍ട്ടിയെതന്നെ തകര്‍ക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇതില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയിലും പൊതുസമൂഹത്തിലും സര്‍ക്കാരിനെതിരെ പോരാടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ അഴിമതി കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.
ഇ ഡി പുറത്തുവിട്ടിരിക്കുന്നത് അതീവ ഗുരുതരമായ തെളിവുകളാണ്. പിണറായി വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവുകള്‍ സഹിതമാണ് ഇ ഡി പോലീസ് മേധാവിക്ക് കത്തുനല്‍കിയിരിക്കുന്നത്. ഹവാലാ പണം കൈകാര്യം ചെയ്തതും വിദേശത്തേയ്‌ക്ക് അയച്ചതും റിയാസിന്റെ സുഹൃത്തുക്കളാണെന്ന കാര്യവും ഇ ഡി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
ഒരു തരത്തിലും നിഷേധിക്കാനാവാത്ത തെളിവുകളാണ് ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്. ഇക്കാര്യത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
















