തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ നടപടിയുമായി കേന്ദ്ര ഏജന്‍സിയായ ഇഡി. കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) പ്രകാരം ഇ.ഡിയും കേസ് രജിസ്റ്റര്‍ ചെയ്തു.വധശ്രമക്കേസില്‍ ഇതാദ്യമായാണ് പി.എം.എല്‍.എ ആക്ട് പ്രകാരം കേസെടുക്കുന്നത്.
ക്രൈംബ്രാഞ്ചും പോലീസും തയാറാക്കിയ എഫ്.ഐ.ആറുകളിലെ മുഴുവന്‍ പ്രതികളെയും ഇ.ഡിയുടെ കേസിലും പ്രതി ചേര്‍ക്കും. അതേസമയം, സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഭാരവാഹികളായ 28 പേരെ പ്രതികളാക്കിയാണ് കന്റോണ്‍മെന്റ് എ.സി.പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി സംഘം പരിശോധനയ്‌ക്ക് എത്തിയത്.
എന്നാല്‍ പരിശോധന തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ലക്ഷ്യമിട്ട് അക്രമികള്‍ വസതിക്ക് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ക്കുകയും അവര്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയും ആയിരുന്നു.
















