
കൊച്ചി: മാസപ്പടിക്കേസില്‍ അഴിമതിക്കേസ് എടുക്കാന്‍ വൈകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഇ ഡി. കേസ് എടുക്കാന്‍ വേണ്ട മുഴുവന്‍ വിവരങ്ങളും മുദ്രവച്ച കവറില്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച ഇ ഡി, ഇനി പോലീസിന്റെ പ്രാഥമിക അന്വേഷണം ആവശ്യമേയില്ലെന്നും വ്യക്തമാക്കി.
രേഖകള്‍ നല്‍കിയിട്ട് ദിവസം 20 കഴിഞ്ഞുവെന്നും പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ അതിനുള്ള സമയം ഇതിനകം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കി. പ്രാഥമിക പരിശോധന നടത്തിയാണ് തെളിവുകള്‍ കൈമാറിയത്. വീണ്ടും എന്തിനാണ് പ്രാഥമിക പരിശോധന, ഇ ഡി ചോദിച്ചു. ഇ ഡി മുഴുവന്‍ തെളിവുകളും നല്‍കിയിട്ടില്ലേ എന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എജിയോട് ആരാഞ്ഞു. ഡയറിക്കുറിപ്പുകളും മറ്റു രേഖകളുമേ നല്‍കിയിട്ടുള്ളുവെന്നായിരുന്നു പ്രതികരണം. അഴിമതിക്കേസ് എടുക്കാന്‍ വേണ്ട തെളിവുകള്‍ എല്ലാം നല്‍കിയിട്ടുണ്ടെന്നും ഇനി മൊഴികള്‍ വേണമെങ്കില്‍ അവയും നല്‍കാമെന്നും ഇ ഡി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്ന് എജി കോടതിയില്‍ പറഞ്ഞു. കേസ് എടുക്കാന്‍ വൈകുന്നത് ചോദ്യംചെയ്ത് ഇ ഡി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. പ്രാഥമിക അന്വേഷണം നടത്താന്‍ പോലീസിന് അനുമതി നല്‍കിയ കോടതി ഹര്‍ജി വിധി പറയാന്‍ മാറ്റി. കരിമണല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയനും മകള്‍ വീണയും മാസപ്പടിയും മരുമകന്‍ മുഹമ്മദ് റിയാസ് പണവും വാങ്ങിയെന്നതാണ് കേസ്.