
ശാസ്താംകോട്ട: മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങള്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ പരിശോധനയ്‌ക്ക് ഹാജരാക്കിയ പ്രധാന പ്രതിയെ പതിനഞ്ചോളം പേരടങ്ങുന്ന ഡിവൈഎഫ്‌ഐ സംഘം ബലം പ്രയോഗിച്ച് മോചിപ്പിച്ചു.
ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ പ്രധാന പ്രതിയും സിപിഎമ്മിന്റെ ജില്ലയിലെ ഗുണ്ടാ നേതാവുമായ കൊല്ലം മുണ്ടക്കല്‍ പുതുവല്‍ പുരയിടത്തില്‍ ശരത് ശശി (25)യെയാണ് കുണ്ടറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം കാഞ്ഞിരംകോട് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കായി എത്തിച്ചത്. ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എസ്.ഗോപകുമാര്‍ ആണ് പ്രതികളുമായി ആശുപത്രിയില്‍ എത്തിയത്. മതിയായ പോലീസ് സംരക്ഷണം ഇല്ലാതെയാണ് കൊടും ക്രിമിനലുകളായി പ്രതികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. വൈദ്യ പരിശോധനയ്‌ക്കിടെ കൂട്ടുപ്രതികള്‍ അടക്കമുള്ള ജില്ലയിലെ പ്രധാനപ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കള്‍ ആശുപത്രിയില്‍ എത്തി ശരത്തിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പ്രതി രക്ഷപ്പെട്ടത് പോലീസ് സേനയ്‌ക്ക് തന്നെ നാണക്കേടായി. പ്രതികളുമായി എത്തിയ ഗ്രേഡ് എസ്‌ഐക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഉറപ്പായതോടെ ഉന്നത പോലീസ് അധികാരികള്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അടക്കം ഉള്ളവരുമായി ബന്ധപ്പെട്ടു. സംഭവം നടന്ന മുതുപിലാക്കാട്ട് ഇതിനെല്ലാം നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ ശാസ്താംകോട്ട ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോയ പ്രതിയെ തിരികെ എത്തിക്കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് പുലര്‍ച്ചെ നാലിന് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ ശരത്തിനെ ഹാജരാക്കി. ശരത്തിനെ കടത്തി കൊണ്ടുപോയ സംഭവത്തില്‍ 15 പേരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഇവരെല്ലാം കണ്ടാലറിയവുന്നവരാണന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലെ പരാമര്‍ശം.
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ കടന്നുകയറി അക്രമം നടത്തി പ്രതിയെ മോചിപ്പിച്ച സംഭവത്തിലെ ക്രിമിനലുകളെല്ലാം മുതുപിലാക്കാട് സംഭവത്തില്‍ പ്രധാന പ്രതികളാണ് എന്നത് വ്യക്തമാണ്. ഇവരുടെസൈ്വര്യവിഹാരം പോലീസ് നോക്കി നില്‍ക്കുന്നതിനിടെയാണ് ആശുപത്രിയിയില്‍ വീണ്ടും ഈ അഴിഞ്ഞാട്ടങ്ങള്‍ നടന്നത്. ഇതില്‍ ഒരാളെ പോലും ഇന്നലെ വൈകി വരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ആയില്ല. ഒരു നാടിനെ ഭീതിയിലാഴ്‌ത്തിയ അക്രമ പരമ്പരകളിലെ പ്രധാന പ്രതികള്‍ ഇപ്പോഴും പാര്‍ട്ടിയുടെ സംരക്ഷണയിലാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശനിയാഴ്ച രാത്രി നടപ്പാക്കിയത് എന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.
ക്ഷേത്ര ഭരണം നഷ്ടപ്പെട്ട നിരാശ പകയാക്കി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം നടത്തിയ തരംതാണ അക്രമങ്ങള്‍ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച നടന്ന നാമജപ ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട് പ്രദേശത്ത് പാര്‍ട്ടി നേരിടുന്ന ജീര്‍ണാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍ ഗുണമാകുമെന്ന് കരുതിയെങ്കിലും പ്രദേശത്ത് സിപിഎം ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍.
പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള അമ്മമാര്‍ പോലും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. സംഭവത്തിലെ പ്രധാന പ്രതികളെ പിടികൂടി ഇല്ലെങ്കില്‍ വിശ്വാസികളെ ചേര്‍ത്ത് പിടിച്ച് കടുത്ത പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.
എം.എസ്. ജയച്ചന്ദ്രന്‍