Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

Published by
മാലതി തിടനാട്

കാശി രാജാവിന്റെ മൂന്നു പുത്രിമാരില്‍ മൂത്തവളാണ് അംബ. അംബിക അംബാലിക എന്നിവരാണ് ഇളയ രണ്ടുപേര്‍. ഹസ്തിനപുരിയില്‍ ചിത്രാംഗദന്‍ മരിച്ചതോടെ രാജ്യഭാരമേറ്റ വിചിത്രവീര്യനു വേണ്ടി ഭീഷ്മര്‍ കാശിരാജ പുത്രിമാരെ അവരുടെ സ്വയംവര മണ്ഡപത്തില്‍ നിന്ന് ബലമായി തേരില്‍ കയറ്റി ഹസ്തിനപുരത്തേക്ക് കൊണ്ടുവന്നു. മൂന്ന് കന്യകമാരെയും വിചിത്ര വീര്യന് വിവാഹം കഴിച്ചു കൊടുക്കാനുള്ള തീരുമാനം അറിഞ്ഞപ്പോള്‍ അംബ, താന്‍ സാല്വ രാജാവുമായി പ്രണയത്തിലാണെന്നും മനസ്സാ തങ്ങള്‍ വിവാഹം കഴിച്ചവരാണെന്നും സത്യവതിയോടും പിന്നീട് ഭീഷ്മരോടും വെളിപ്പെടുത്തി. സാല്വ രാജാവിന്റെ പത്‌നിയാവാന്‍ തന്നെ അനുവദിക്കണമെന്നും ഭീഷ്മരോട് അംബ അഭ്യര്‍ത്ഥിച്ചു.

വൃദ്ധ ബ്രാഹ്‌മണരോടും ധാത്രിയോടുമൊപ്പം ഭീഷ്മര്‍ അംബയെ സാല്വ രാജാവിന്റെ കൊട്ടാരത്തിലേക്ക് അയച്ചു. പക്ഷേ അന്യപുരുഷന്‍ അപഹരിച്ച് കരം സ്പര്‍ശിച്ച നിന്നെ ഞാന്‍ ഭാര്യയാക്കില്ല എന്ന് സാല്വന്‍ പറഞ്ഞു. ഇനി ഇവിടെ നില്‍ക്കേണ്ട, നീ നിന്റെ ഇഷ്ടം പോലെ ചെയ്യുക എന്നുകൂടി സാല്വന്‍ പറഞ്ഞപ്പോള്‍ സ്ത്രീത്വം ക്രൂരമായി അവഗണിക്കപ്പെടുകയാണ് ചെയ്തത്. അംബയുടെ ആത്മാര്‍ത്ഥസ്‌നേഹം സംശയനിഴലിലാക്കിയ വാക്കുകളായിരുന്നു സാല്വന്റേത്.

ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത യോദ്ധാവാണ് ഭീഷ്മര്‍. വിചിത്രവീര്യനു വേണ്ടിയാണ് ഞങ്ങളെ കൊണ്ടുപോയത്. എന്റെ സത്യം മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം എന്നെ അങ്ങയുടെ അടുത്തേക്ക് അയച്ചു. അങ്ങയെ അല്ലാതെ അന്യ പുരുഷനെ ഞാന്‍ മനസ്സില്‍ വിചാരിച്ചിട്ടില്ല. എന്നെ കൈവിടാതിരിക്കണം. എന്ന് നിസ്സഹായയായി അംബ യാചിച്ചുു. പക്ഷേ, ‘പാമ്പ് മേലുറ ഉപേക്ഷിക്കുന്നതുപോലെ’ സാല്വന്‍ അംബയെ കൈവിട്ടു. ഭീഷ്മരുടെ സ്വത്തായ നീ എത്രയും വേഗം എന്റെ രാജ്യം വിടുക എന്നാണ് സാല്വന്‍ ആവശ്യപ്പെട്ടത്.

തന്നെപ്പോലെ വിഷമവൃത്തത്തിലായ മറ്റൊരു സ്ത്രീ ലോകത്തു വേറെ കാണില്ല എന്ന് അംബ വിചാരിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തനിക്ക് കാശിരാജ്യത്തിലോ ഹസ്തിനാപുരത്തോ ഇനി പോകാനാവില്ല. തന്റെ ഈ ദുര്‍ഗതിക്ക് കാരണം ഭീഷ്മര്‍ തന്നെയാണ്. തപസ്സ് കൊണ്ടോ, യുദ്ധം കൊണ്ടോ ഭീഷ്മരോട് പകരംവീട്ടാന്‍ അംബ തീരുമാനിച്ചു. നഗരം വിട്ട് കാട്ടിലെത്തിയ അംബ താപസജനങ്ങളോടൊപ്പം കഴിഞ്ഞു. താപസികളും അവളോടു തിരികെ പോകാന്‍ ഉപദേശിച്ചു. തപസ്സ് ചെയ്യാന്‍ ഉറച്ച എനിക്ക് നിങ്ങള്‍ രക്ഷ നല്‍കുക എന്ന് അംബ അവരോട് അപേക്ഷിച്ചു.

അംബയുടെ അമ്മയുടെ അച്ഛനായ രാജര്‍ഷി ഹോത്രവാഹനന്‍ ആ സമയത്ത് അവിടെ എത്തി. കൊച്ചുമകളുടെ വിഷമാവസ്ഥ അറിഞ്ഞ അദ്ദേഹം, ‘നിന്നെ സഹായിക്കാന്‍ പരശുരാമനേ കഴിയൂ’ എന്ന് ഉപദേശിച്ചു. രണ്ടുപേരുംകൂടി പരശുരാമ ശിഷ്യനായ അകൃതവ്രണനോട് കാര്യങ്ങള്‍ അറിയിച്ചു. അകൃതവ്രണന്‍ അംബയ്‌ക്ക് ലക്ഷ്യസാധ്യം ഉറപ്പു നല്‍കി. മഹേന്ദ്രഗിരിയില്‍ തപസ് അനുഷ്ഠിച്ചിരുന്ന പരശുരാമന്‍ ആ രാത്രി ശിഷ്യരോടൊപ്പം അവിടെയെത്തി. ക്ഷത്രിയവര്‍ഗ്ഗത്തെ മുടിക്കും എന്ന് പ്രതിജ്ഞ ചെയ്ത അങ്ങ് യുദ്ധത്തില്‍ ഭീഷ്മരെ വധിച്ച് അംബയുടെ ദുഃഖം തീര്‍ക്കണമെന്ന് അകൃതവ്രണന്‍ പരശുരാമനോട് അപേക്ഷിച്ചു. സാമരീതിയില്‍ പറഞ്ഞു നോക്കാം, പറ്റിയില്ലെങ്കില്‍ കൊല്ലാം എന്ന് തീരുമാനിച്ച് ഭീഷ്മരെ കാണാന്‍ കുരുക്ഷേത്രത്തില്‍ അംബയോടൊപ്പം പരശുരാമന്‍ എത്തി.

‘അംബയെ ഹരിച്ചതും പിന്നീട് വിട്ടയച്ചതും ശരിയായില്ല. അതിനാല്‍ അവളെ സ്വീകരിക്കുക എന്ന് പരശുരാമന്‍ ഭീഷ്മരോട് ആവശ്യപ്പെട്ടു.’

‘അന്യനില്‍ അനുരക്തയായ ഇവളെ പെണ്‍പാമ്പിനെയെന്നപോലെ ഗൃഹത്തില്‍ വാഴിക്കാന്‍ ആരും ഭയക്കും. ഞാന്‍ ധര്‍മ്മം കൈവിടില്ല. എന്നില്‍ പ്രസാദിക്കുന്നില്ലെങ്കില്‍ ഗുരുവായ അങ്ങ് വേണ്ടത് ചെയ്യുക’ എന്ന് ഭീഷ്മര്‍ പരശുരാമനോട് പറഞ്ഞു.

ഗുരുവാണെങ്കിലും കാര്യാകാര്യം ഗ്രഹിക്കാതെ ഗര്‍വ്വിതനായി ദുര്‍മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചാല്‍ ശിഷ്യന് ആ ഗുരുവിനെ പരിത്യജിക്കാം. അങ്ങനെ ഇരുവരും യുദ്ധത്തിനു തയ്യാറായി. അമ്മയായ ഗംഗാദേവിയും പിതൃക്കളും ദേവന്മാരും ഇടപെട്ടാണ് ഇവരുടെ യുദ്ധം അവസാനിപ്പിച്ചത്. പരശുരാമനാല്‍ ഭീഷ്മവധം സാധ്യമല്ലെന്നു ബോധ്യമായതോടെ അംബ വീണ്ടും തപസ്സിനു പോയി.

ഇത്രയും ബുദ്ധിമുട്ടി തപസ്സ് ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് ഗംഗാദേവി അംബയുടെ സമീപം എത്തി. ഭീഷ്മരെ കൊല്ലുകയാണ് തന്റെ ലക്ഷ്യം എന്ന് അംബ അറിയിച്ചപ്പോള്‍ ‘നീ ക്രമക്കേട് കാട്ടിയിട്ടുണ്ട്. അതിനാല്‍ നിന്റെ ആഗ്രഹസാധ്യമെളുതല്ല’ എന്ന് ഗംഗാദേവി അംബയെ അറിയിച്ചു. ‘ഈ വ്രതം കൊണ്ടു നിന്റെ ജന്മം തീരുമെന്നും നീ തപംചെയ്യുന്ന വത്സരാജ്യം ക്ഷുദ്ര ജന്തുക്കളും മുതലകളും നിറഞ്ഞ ഒരു നദിയായി തീരുമെന്നും’ ഗംഗാദേവി അംബയെ ശപിച്ചു. അങ്ങനെ അംബയുടെ ഒരു ഭാഗം നദിയായി മാറി. എന്നാല്‍ അംബയുടെ അവശിഷ്ടഭാഗം ശിവനെ തപസ്സു ചെയ്തു. ഒടുവില്‍ ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. ‘നിന്റെ ആഗ്രഹം അടുത്ത ജന്മം സാധിക്കും. നീ ദ്രുപദരാജാവിന്റെ വംശത്തില്‍ ജനിച്ച വില്ലാളിയായി നീ മാറുമെന്നും’ അരുൡച്ചെയ്തു. ശിവപെരുമാള്‍ അപ്രത്യക്ഷനായ ഉടനെ യമുനാതീരത്തു മുനിജനങ്ങള്‍ നോക്കിനില്‍ക്കെ അംബ തീയില്‍ച്ചാടി ജീവനൊടുക്കി.

ഇതേകാലം ഒരു പുത്രന് വേണ്ടി ശിവനെ തപസ്സ് ചെയ്തു പ്രീതിപ്പെടുത്തിയ ദ്രുപദ രാജാവിന് ഒരു ‘സ്ത്രീപൂമാന്‍'(പെണ്ണായി പിറന്ന് പിന്നീട് പുരുഷനായി മാറുന്ന കുഞ്ഞ്) ഉണ്ടാകുമെന്ന് ശിവന്‍ അനുഗ്രഹിച്ചു.

ശിവാനുഗ്രഹത്താല്‍ അംബ ദ്രുപദപുത്രിയായി ജനിച്ചു. എന്നാല്‍ രാജപത്‌നി പുത്രിയാണ് ഉണ്ടായത് എന്ന കാര്യം രാജാവിനോട് മറച്ചുവെച്ചു. പുത്രന്‍ ഉണ്ടാകാന്‍ വേണ്ടി രാജാവ് മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ സപത്‌നിയായി ജീവിക്കേണ്ടി വരുമെന്ന ഭയത്താലായിരുന്നു അത്. കുഞ്ഞിന് ശിഖണ്ഡി എന്ന പേരിട്ടു. പത്‌നി പറഞ്ഞുതനുസരിച്ച് ആണ്‍കുഞ്ഞാണ് തനിക്ക് പിറന്നതെന്ന് രാജാവ് എല്ലാവരെയും അറിയിച്ചു. ആണായി പുറംലോകം അറിഞ്ഞ ശിഖണ്ഡി യൗവനയുക്തയായപ്പോള്‍ ദശാര്‍ണ രാജാവായ ഹിരണ്യവര്‍ണ്ണന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുത്തു. ഭര്‍ത്താവ് പുരുഷനല്ലെന്ന് തിരിച്ചറിഞ്ഞ രാജപുത്രി വിവരം ഹിരണ്യവര്‍ണ്ണനെ അറിയിച്ചു. തന്നെയും തന്റെ മകളെയും ചതിച്ച ദ്രുപദരാജാവിന്റെ വംശം തന്നെ ഉന്മൂലനാശം വരുത്തും എന്ന് ദൂതന്‍ വഴി ഹിരണ്യവര്‍മ്മന്‍ അറിയിച്ചു. വിഷണ്ണനായ ദ്രുപദരാജാവ് ഇക്കാര്യം പത്‌നിയോട് പറഞ്ഞു. ദേവവാക്യപ്പൊരുള്‍ അറിഞ്ഞ്, ഉണ്ടായതു പെണ്‍കുഞ്ഞാണെങ്കിലും പിന്നീട് ആണാകും എന്ന ഉറപ്പില്‍ താന്‍ കള്ളം പറഞ്ഞതാണെന്ന് അറിയിച്ച് രാജ്ഞി ഭര്‍ത്താവിനോടു ക്ഷമ ചോദിച്ചു.

അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് കാരണം താനാണെന്ന് മനസ്സിലാക്കിയ ശിഖണ്ഡി പ്രാണത്യാഗം ചെയ്യാനുറച്ച് കാടുകയറി. സ്ഥൂണാകര്‍ണന്‍ എന്ന യക്ഷന്‍ വസിക്കുന്ന വനത്തില്‍ അവന്റെ ഭവനത്തില്‍ പ്രവേശിച്ചു തപം ചെയ്തു. കുബേരന്റെ പരിചാരകനായ സ്ഥൂണാകര്‍ണന്‍ ആര്‍ദ്രമനസ്‌കനായി ശിഖണ്ഡിയെ സഹായിക്കാമെന്നേറ്റു. ദശാര്‍ണ രാജാവില്‍ നിന്ന് അച്ഛനെയും അമ്മയെയും രക്ഷിക്കാന്‍ യക്ഷന്റെ പുരുഷത്വം ശിഖണ്ഡി സ്വീകരിച്ചു. പകരം ശിഖണ്ഡിയുടെ സ്ത്രീത്വം യക്ഷനും കൈകൊണ്ടു. ദശാര്‍ണരാജന്‍ സൃഷ്ടിച്ച പ്രശ്‌നം അവസാനിക്കുമ്പോള്‍ യക്ഷന് പുരുഷത്വം തിരികെ കൊടുക്കാമെന്നു വാക്കുനല്‍കി ശിഖണ്ഡി കൊട്ടാരത്തിലേക്കു പോന്നു.

യാദൃച്ഛികമായി സ്ഥൂണാകര്‍ണ്ണന്റെ ഭവനത്തിലെത്തിയ കുബേരന്റെ മുന്‍പില്‍ ചെല്ലാന്‍ സ്ത്രീയായി മാറിയ യക്ഷന്‍ മടിച്ചു. വാസ്തവമറിഞ്ഞു ക്രുദ്ധനായ കുബേരന്‍ ‘നിന്റെ സ്ത്രീത്വം സ്ഥിരമായി ഇരിക്കട്ടെ എന്നും യുദ്ധത്തില്‍ ശിഖണ്ഡി എന്നാണോ മരിക്കുന്നത് അന്നു മാത്രമേ നിന്റെ പുരുഷത്വം തിരികെ ലഭിക്കു’ എന്നും ശപിച്ചു. ശിഖണ്ഡി അങ്ങനെ പിന്നീടുള്ള കാലം പുരുഷനായി ജീവിച്ചു. പുത്രി പറഞ്ഞത് തെറ്റാണെന്ന് മനസ്സിലാക്കിയ ദശാര്‍ണരാജാവ് മരുമകന് സമ്മാനങ്ങള്‍ നല്‍കി സ്വദേശത്തേക്ക് പോന്നു. വാക്കുപാലിച്ച് ശിഖണ്ഡി യക്ഷസമീപം എത്തിയെങ്കിലും കുബേരശാപം അറിഞ്ഞ് വിഷണ്ണനായി തിരികെ പോന്നു. ശിഖണ്ഡി പിന്നീട് ദ്രോണാചാര്യരുടെ കീഴില്‍ ധനുര്‍വേദം അഭ്യസിച്ചു.

‘പെണ്ണായിപ്പിറന്ന് പിന്നീട് ആണായിമാറിയ ശിഖണ്ഡിയോട് താന്‍ യുദ്ധം ചെയ്യുകയില്ലെന്നും നേരെ വന്നാല്‍ നോക്കുകപോലുമില്ലെന്നും ഭീഷ്മര്‍ പ്രതിജ്ഞ ചെയ്തു.

കുരുക്ഷേത്ര യുദ്ധത്തിന്റെ പത്താംനാള്‍ കുരുസൈന്യാധിപനായി അസാധ്യപോരാട്ടം നടത്തിയ ഭീഷ്മര്‍ ഒടുവില്‍ ശിഖണ്ഡി മുന്നില്‍ വന്നപ്പോള്‍ പിന്തിരിഞ്ഞു. ശിഖണ്ഡി പലതവണ ഭീഷ്മരെ ആക്രമിച്ചെങ്കിലും അദ്ദേഹം തിരിച്ചാക്രമിച്ചില്ല. മറ്റൊരു വിധത്തിലും ഭീഷ്മരെ തോല്‍പ്പിക്കാനാവാത്തതിനാല്‍, ശിഖണ്ഡിയെ മുന്‍നിര്‍ത്തി പാണ്ഡവര്‍ ഭീഷ്മരെ വളഞ്ഞാക്രമിച്ചു. അസ്ത്രങ്ങളാല്‍ പടച്ചട്ട പൊട്ടിച്ചു മര്‍മ്മങ്ങള്‍ പിളര്‍ന്നു. അര്‍ജുനന്‍ ഭീഷ്മരുടെ വില്ലറുത്തു. വില്ല് നഷ്ടപ്പെട്ട ഭീഷ്മര്‍ക്കു നേരെ ശിഖണ്ഡി അമ്പുകള്‍ ചൊരിഞ്ഞു. സൂതനെയും അമ്പെയ്തു കൊന്നു. പിന്തിരിഞ്ഞ ഭീഷ്മര്‍ അര്‍ജുനാസ്ത്രങ്ങളേറ്റ് തേര്‍ത്തട്ടില്‍നിന്നും മറിഞ്ഞുവീണു.

ഭീഷ്മര്‍ വീണതിന് ശേഷവും ശിഖണ്ഡി യുദ്ധരംഗത്തുണ്ടായിരുന്നു. ഒടുവില്‍ അശ്വത്ഥാമാവ് ആണ് ശിഖണ്ഡിയെ വധിച്ചത്.

തിക്തമായ ജീവിതാനുഭവങ്ങളിലൂടെയാണ് ശിഖണ്ഡിയായി മാറിയ അംബ കടന്നുപോയത്. ലക്ഷ്യം സാധിക്കും വരെ തീവ്രമായി പ്രയത്‌നിക്കാന്‍ തീരുമാനിച്ച സ്ത്രീ ലക്ഷ്യം കണ്ടേ മടങ്ങിയുള്ളൂ. പ്രണയിയോടൊപ്പം സുന്ദരമായ ജീവിതം സ്വപ്‌നം കണ്ട് സ്വയംവര മണ്ഡപത്തിലേക്ക് അനുജത്തിമാര്‍ക്കൊപ്പം ഇറങ്ങിയ രാജകുമാരിയായ അംബയുടെ ജീവിതം അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിച്ചത് വിധിയുടെ വിളയാട്ടം കൊണ്ടാവാമെങ്കിലും അംബയെന്ന ഇതിഹാസ നായികയെ ആര്‍ക്കും കാലമെത്രകഴിഞ്ഞാലും മറക്കാനാവില്ല.