Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഗതാഗതക്കുരുക്കും ചുരത്തില്‍ഇടയ്‌ക്കിടെയുണ്ടാകുന്ന തടസങ്ങളും കണക്കിലെടുത്ത്, കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ഹൈ സ്പീഡ് റെയില്‍ കണക്റ്റിവിറ്റി നടപ്പാക്കാന്‍ രണ്ടര മാസം മുമ്പ് വച്ച പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന് പ്രതികരണമില്ല. വയനാടിന്റെ വികസനവും വളര്‍ച്ചയും വേഗത്തിലാക്കുന്ന, പദ്ധതി ജൂലൈ 10 നാണ് ദല്‍ഹി മെട്രോ കോര്‍പറേഷന് വേണ്ടി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്. വിശദ റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് 5 കോടിയും ആവശ്യപ്പെട്ടു. പക്ഷേ, ഇന്നുവരെ സതീശന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

കോഴിക്കോട്ടു നിന്ന് താമരശ്ശേരി അടിവാരം വരെ മേല്‍പ്പാത. തുടര്‍ന്ന് 20 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ മുകളിലേക്ക്. മുകളിലേക്കും താഴേക്കും യാത്ര ചെയ്യാന്‍ രണ്ട് തുരങ്കങ്ങള്‍. തുരങ്കത്തിന്റെ വ്യാസം 6.5 മീറ്റര്‍. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ ഓരോ 500 മീറ്ററിലും തുരങ്കങ്ങള്‍ ബന്ധിപ്പിക്കും. തുരങ്കം മേല്‍ഭാഗത്ത് എത്തുന്നത് കല്‍പ്പറ്റയില്‍. അവിടുന്ന് സുല്‍ത്താന്‍ ബത്തേരി വരെ എലിവേറ്റഡ് ലൈന്‍.

റെയില്‍വേ ലൈനിന്റെ ആകെ നീളം 72 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 38 മിനിറ്റും.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍വേയ്‌ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ട്രെയിനുകളുമായി ഈ ട്രെയിനുകളുടെ സമയം ക്രമപ്പെടുത്താം. അതിനാല്‍ സുല്‍ത്താന്‍ ബത്തേരി മുതല്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ സര്‍വീസുകള്‍ സാധ്യമാകും.

ചെലവ് 15,000 കോടിയാണ്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ സാധ്യമാകും. പ്രത്യേകം രൂപകല്‍പന ചെയ്ത ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് തുരങ്കനിര്‍മ്മാണം. മുഴുവന്‍ വൈദ്യുതി ആവശ്യവും സോളാറിലൂടെ. രാത്രി 9 നും 11 നും ഇടയില്‍ ചരക്ക് സര്‍വീസുകള്‍ക്കും ഈ ചെറിയ ദൈര്‍ഘ്യം ഉപയോഗിക്കാം. അതിനാല്‍, അവശ്യവസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകാനും കഴിയും, വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഡിഎംആര്‍സി അഞ്ചുകോടി ഫീസ് ആവശ്യപ്പെട്ടു. ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

സിയാല്‍ മാതൃകയില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിക്കും ഫണ്ട് കണ്ടെത്തുക. നിര്‍മ്മാണത്തിന് മരങ്ങള്‍ മുറിക്കുകയോ വനഭൂമി ഏറ്റെടുക്കുകയോ വേണ്ട. മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഉണ്ടാകുമെന്ന ഭയവുമില്ല എന്നാണ് പദ്ധതിയുടെ സവിശേഷതയായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recent Posts