കൊച്ചി ; തൃശൂർ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നുണ്ടോ എന്നറിയാൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം പരിശോധന നടത്തുമെന്നു കേന്ദ്രസർക്കാർ . ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെടിക്കെട്ട് ക്ഷേത്ര കെട്ടിടങ്ങളെയും പരിസരങ്ങളെയും ബാധിക്കുന്നുണ്ടോ എന്നും മുൻകരുതൽ എങ്ങനെ വേണമെന്നും വ്യക്തമാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
2025ൽ വെടിക്കെട്ടു നടത്തിയതു ക്ഷേത്രത്തിനു വളരെ അടുത്താണെന്നും, ഗോപുരങ്ങൾക്കും കൂത്തമ്പലത്തിനും കേടുപാടുണ്ടായെന്നും ആരോപിച്ച് ഭക്തനായ എൻ.കെ. മോഹൻദാസ് ദേവസ്വം ഓംബുഡ്സ്മാനു നൽകിയ പരാതിയാണു ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
വെടിക്കെട്ടു മൂലം ഗോപുരങ്ങളുടെ ഓട് തകരുകയും കെട്ടിടങ്ങളുടെ പ്ലാസ്റ്ററിങ്ങിൽ വിള്ളൽ ഉണ്ടാവുകയും ചെയ്തുവെന്നും ചില അറ്റകുറ്റപ്പണികൾ നടത്തിയെന്നും ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. പൈതൃക മന്ദിരമായ ക്ഷേത്രത്തിന്റെ സംരക്ഷണ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
















