
പത്തനംതിട്ട: സന്നിധാനത്തെയും പരിസരത്തേയും ഹോട്ടലുകളിലും ലഘുഭക്ഷണശാലകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി ഇത്തവണ കരാറുകളില്‍ തന്നെ കര്‍ശനമായ ‘സാനിറ്റേഷന്‍ പ്രോട്ടോക്കോള്‍’ ഉള്‍പ്പെടുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ നടപടികള്‍ വൈകുന്നതിനാല്‍ ഇതും പ്രാവര്‍ത്തികമാകാന്‍ വൈകും.
സാമ്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും വഴിപാടുകളുടേത് ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം. ഭക്തര്‍ക്ക് താമസിക്കാനുള്ള മുറികളുടെ ശുചിത്വവും പരിപാലനവും ഇത്തവണ ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ഏല്‍പ്പിച്ച് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഏജന്‍സിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഹൈക്കോടതി നിര്‍ദേശപ്രകാരം ശബരിമല ഭണ്ഡാരത്തിലും ദേവസ്വം സ്‌ട്രോങ്ങ് റൂമുകളിലും ഉള്ള വിലപിടിപ്പുള്ള ആഭരണങ്ങളുടെയും വസ്തുക്കളുടെയും കൃത്യത ഉറപ്പാക്കാന്‍ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തില്‍ സമഗ്രമായ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. കൃത്യതയില്ലാത്ത സ്റ്റോക്കുകള്‍ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ പക്ഷേ അമിക്കസ്‌ക്യൂറി ആകെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് ‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന കൗണ്ടറുകളില്‍ നടന്ന പരിശോധനയില്‍ 17.14 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബോധപൂര്‍വ്വമായ തട്ടിപ്പിനേക്കാള്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയും കൃത്യമായ മേല്‍നോട്ടക്കുറവുമാണ് ഈ നഷ്ടത്തിന് കാരണമായതെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. പുതുതായി ജോലിയില്‍ പ്രവേശിച്ച പരിചയസമ്പത്തില്ലാത്ത ജീവനക്കാരെ കൗണ്ടറുകളില്‍ നിയോഗിച്ചതാണ് വീഴ്ചക്ക് കാരണമായത്. ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ തടയാനായി മൂന്നാഴ്ചക്കകം കൃത്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ രൂപീകരിക്കാന്‍ കേരള ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന്റെയും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്.
പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയാക്കല്‍, കീട നിയന്ത്രണം ശാസ്ത്രീയമായ സംഭരണ രീതികള്‍ എന്നിവയ്‌ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും മെഡിക്കല്‍ പരിശോധനകളും നിര്‍ബന്ധമാക്കിയിയിരുന്നു.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തുന്നത് തടയാന്‍ പമ്പയില്‍ തന്നെ കര്‍ശനമായ പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.