
51
രതിയാല്‍ നനഞ്ഞൊരൊളിനോട്ടം ശിവങ്കലഥ
വിടരാകുമന്യരില്‍ ജുഗുപ്സാ
കഠിനം തദാ ഗംഗസഖിയില്‍ സരോഷമിഹ-
കഥ കേള്‍ക്കവേ വിസ്മിതാഭം
ഹരനണിയുമാഭരണഭുജഗങ്ങളോടുഭയ –
മയി തോഴിമാരൊടു പ്രസന്നം
കരുണാമയം ജനനിയിവനില്‍ ഭവന്നയന –
മരുണാരവിന്ദസുഭഗാംഗീ
52
ഇടതൂര്‍ന്ന കണ്ണിമകള്‍ ചിറകായ്ത്രസിക്കുമിരു
ശരമല്ലി, നിന്‍മിഴികള്‍ രണ്ടും
ചെവിയോളമേറ്റി ശിവഹൃദയത്തിലേക്കു സുമ –
ശരനൂറ്റമോടു കുറിചേര്‍പ്പൂ
ത്രിപുരാന്തകപ്രഭുവിലിളകും വിരക്തിരസ –
മടിയോടെടുത്തുകളവാനായ്
കുതികൊള്‍വതിന്നു വിറകൊള്ളും ത്വദീയമിഴി-
യകമേ വിടര്‍ന്നു വിലസാവൂ!
53
നീലാഞ്ജനക്കുറികള്‍ ചേലായണിഞ്ഞുമതി –
ലോലായതം രമ്യനയനം
കാണായ് വരുന്നരുണരേഖാവിലാസമൊടു
ശോഭാകരം ശ്വേതനീലം
കാലം പൊലിഞ്ഞൊഴികെ വീണ്ടും കൊളുത്തുവതി –
നീലാസ്യമിഴിയിങ്കലമ്മേ,
കോലുന്നു സാത്വികരജസ്താമസം ഭുവന-
മൂലം ത്രിമൂര്‍ത്തിഗുണഭേദം