Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഓച്ചിറ: ഓണാട്ടുകരയുടെ കാര്‍ഷിക പാരമ്പര്യവും കൂട്ടായ്‌മയും വിളിച്ചോതുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവം ബുധനാഴ്ച (23/09/2026). കാളകെട്ടുത്സവത്തിനായി 52 കരകളും അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 52 കരകളില്‍നിന്ന് വിവിധ വലിപ്പത്തിലുള്ള ഇരുന്നൂറോളം കെട്ടുകാളകളാണ് ഇത്തവണ ഓച്ചിറ പടനിലത്തെത്തുന്നത്.

കൈപ്പത്തിയില്‍ ഒതുങ്ങുന്ന കുഞ്ഞിക്കാളകള്‍ മുതല്‍ കൂറ്റന്‍ കെട്ടുകാളകള്‍ വരെ ഓരോ കരയിലും അണിയിച്ചൊരുക്കി കഴിഞ്ഞു. പല കരകളിലും കഴിഞ്ഞ ദിവസങ്ങളിലായി കെട്ടുകാളകളുടെ ശിരസ് ഉറപ്പിക്കുന്നതടക്കമുള്ള അവസാനഘട്ട ജോലികളും പൂര്‍ത്തിയാക്കി. കെട്ടുകാളകളെ ഒരുക്കുന്ന കാളമൂട്ടുകളില്‍ ഭക്ഷണവും വിവിധ കലാപരിപാടികളുമായി ആഘോഷാന്തരീക്ഷമാണ്.

ഇത്തവണ 182 സമിതികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. 50 അടിക്ക് മുകളില്‍ ഉയരമുള്ള കെട്ടുകാളകള്‍ വൈകിട്ട് നാലിന് മുമ്പും മറ്റുള്ളവ വൈകിട്ട് ഏഴിന് മുമ്പും ക്ഷേത്രാങ്കണത്തിലെത്തിക്കണമെന്നാണ് നിര്‍ദേശം. ഉത്സവത്തോടനുബന്ധിച്ച് അഞ്ച് കോടി രൂപയുടെ സുരക്ഷാ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനത്തിരക്ക് നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തവണ മുതല്‍ പരബ്രഹ്മ സന്നിധിയില്‍ കാളയൂട്ട് പ്രസാദവും ആരംഭിക്കും. 23ന് രാവിലെ 8.30ന് ശബരിമല മുന്‍ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി കാളയൂട്ട് ഉദ്ഘാടനം ചെയ്യും. ഭക്തര്‍ക്ക് കാളയൂട്ട് നേര്‍ച്ചയിലും നന്ദികേശ പൂജയിലും പങ്കെടുക്കാം. 28-ാം ഓണാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ക്ക് നാളെ സര്‍ക്കാര്‍ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഓച്ചിറയിലേക്ക് വന്‍ ജനപ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കാര്‍ഷികാഭിവൃദ്ധിക്കായി ഉഴവുകാളകള്‍ക്ക് നന്ദി അര്‍പ്പിക്കുന്ന ഓണാട്ടുകരയുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ് കാളകെട്ടുത്സവം നടക്കുന്നത്. ചിങ്ങത്തിലെ തിരുവോണത്തിന് ശേഷം വരുന്ന കന്നിയിലെ തിരുവോണമാണ് 28-ാം ഓണമായി ആചരിക്കുന്നത്. വലിയ ചക്രത്തേരുകളില്‍ വടംകെട്ടിയാണ് കെട്ടുകാളകളെ പടനിലത്തേക്ക് എഴുന്നള്ളിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കന്നുകാലി പ്രദര്‍ശനവും കാര്‍ഷിക വിപണനവും കലാപരിപാടികളും അരങ്ങേറും.

Recent Posts