
ബാലരാമപുരം: പ്രധാന്‍ മന്ത്രി ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനില്‍ (പിഎം ജിഎസ് എന്‍എംപി) ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനമായ വിഴിഞ്ഞം ബാലരാമപുരം റയില്‍പാതക്കായി 1482 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 10.7 കിലോമീറ്ററാണ് വിഴിഞ്ഞം ബാലരാമപുരം റെയില്‍പ്പാതയുടെ നീളം. ഇതില്‍ 9 കിലോമീറ്റര്‍ തുരങ്കപാതയാണ്. ബാലരാമപുരം കട്ടച്ചല്‍ക്കുഴിയിലെ നാളികേര ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയും തുരങ്കപാതയുടെ പരിധിയിലാക്കാന്‍ തീരുമാനം.
ബാലരാമപുരം വിഴിഞ്ഞം ഭൂഗര്‍ഭ റയില്‍പ്പാതയ്‌ക്ക് പുറമെ, വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കാനും സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. കൂടാതെ ബാലരാമപുരത്ത് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലിന്റെ സ്ഥലത്ത് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. അത് ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി. ഇ. യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദര്‍ ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന നിലയിലുള്ള ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചു. റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും എത്തിക്കാന്‍ സാധിക്കും.
പുറമ്പോക്ക് ഭൂമിക്ക് പുറമേ, ഏകദേശം 2.3195 ഹെക്ടര്‍ ഭൂമി വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കും. നെയ്യാറ്റിന്‍കര താലൂക്കിലെ പള്ളിച്ചല്‍, ബാലരാമപുരം വില്ലേജുകളിലാണ് ഭൂമി. ഇതില്‍ 26 വസ്തുക്കളും നിലമാണ്, ബാക്കി പുരയിടങ്ങളും. മുന്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടാതിരുന്ന സ്ഥലങ്ങളും ഏറ്റെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി. പള്ളിച്ചല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 5ലെ റീസര്‍വേ നമ്പറുകള്‍ 474, 479, 481, 482 എന്നിവയില്‍ ഉള്‍പ്പെട്ട 15 എല്‍.എ സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 13 ലെ വിവിധ റീസര്‍വേ നമ്പറുകളിലെ 24 എല്‍.എ സബ് ഡിവിഷനുകളും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.