
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയാണെന്ന വ്യാജേന അദ്ദേഹത്തെ അവഹേളിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ മൂന്ന് പരിപാടികൾ റദ്ദാക്കി. നോയിഡ, ലഖ്‌നൗ, കാണ്‍പൂർ എന്നിവിടങ്ങളിൽ നടത്താനിരുന്ന ഷോകളാണ് റദ്ദാക്കിയത്.
‘അപ്രതീക്ഷിത സാഹചര്യങ്ങൾ’ ചൂണ്ടിക്കാട്ടിയാണ് നോയിഡയിലെ പരിപാടി റദ്ദാക്കിയ വിവരം പുല്‍കിത് മണി ആദ്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. പരിപാടിക്കായി കാത്തിരുന്ന ആരാധകർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.തുടർന്ന് പങ്കുവെച്ച മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ലഖ്‌നൗ, കാണ്‍പൂർ എന്നിവിടങ്ങളിൽ നടത്താനിരുന്ന പരിപാടികളും റദ്ദാക്കിയതായി അറിയിച്ചത്.
മോദിയെ അനുകരിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ശക്തമായത്. സംഭവത്തിൽ സോഷ്യൽ മീഡിയയിലും വ്യാപകമായി രൂക്ഷ വിമർശനങ്ങളാണ് ഉണ്ടായത്.
രാഹുൽ ഗാന്ധിയെ പിന്തുണച്ചുള്ള പരാമർശങ്ങളും മോദിയെ എതിർത്ത് അനുകരിച്ചുള്ള പ്രകടനവുമാണ് വിവാദത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, വിവാദങ്ങൾക്ക് പിന്നാലെ പരിപാടികൾ ഒന്നിന് പിന്നാലെ ഒന്നായി റദ്ദാക്കേണ്ട സാഹചര്യമാണിപ്പോൾ പുല്‍കിത് മണിക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇയാളുടെ പരിപാടിയ്‌ക്കിടെ പ്രതിഷേധം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് മുൻകൂട്ടി കണ്ടാണ് സംഘാടകർ പരിപാടി വേണ്ടെന്ന് വെച്ചത്.