
ചിലർക്ക് ജീവിത സാഹചര്യം മൂലമോ ജോലിസംബന്ധമായോ ആഗ്രഹിച്ചു പണിത വീട് പൂട്ടിയിടേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. വീട്ടിൽ തിരികെ താമസിക്കാൻ എത്തുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനുകൂല തരംഗം നിറയ്‌ക്കാം.
അടഞ്ഞുകിടന്ന വീട്ടിൽ വിപരീത ഊർജം നിറഞ്ഞിരിക്കും. ആദ്യം ജനലുകളും വാതിലുകളും തുറന്നു വായൂ സഞ്ചാരം ഉറപ്പാക്കുക. തൂത്തു വൃത്തിയാക്കിയശേഷം അൽപം കല്ലുപ്പും മഞ്ഞളും പുൽതൈലവും ചേർത്ത വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുക. ഇത് വീടിനുള്ളിൽ അനുകൂല ഊർജം സൃഷ്ടിക്കുക മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണ്.
കൂടാതെ ദിവസവും മഞ്ഞളും ഉപ്പും കലർത്തിയ വെള്ളം പ്രധാന വാതിലിന്റെ ഭാഗത്തു നിന്നും തുടങ്ങി വലതു വശത്തേക്ക് തിരിഞ്ഞു വീടിനു ചുറ്റും തളിക്കുന്നതും വീട്ടിൽ അനുകൂല ഊർജം വർധിപ്പിക്കാൻ സഹായകരമാണ്. ചാണകവെള്ളവും തളിക്കാം. കുറഞ്ഞ ശബ്ദത്തിൽ ഭക്തിഗാനങ്ങളോ പുല്ലാങ്കുഴൽ നാദങ്ങളോ വയ്‌ക്കുന്നത് നന്ന്.
വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ് പ്രധാന വാതിൽ. പ്രധാന വാതിലിനുണ്ടാകുന്ന ഏതൊരു അശുദ്ധിയും ആ വീട്ടിൽ ജീവിക്കുന്നവരെ കാര്യമായി ബാധിക്കും എന്നാണ് വിശ്വാസം. സുഗന്ധവസ്തുക്കളായ പനിനീർ, പച്ചക്കർപ്പൂരം, മഞ്ഞൾ എന്നിയിലേതെങ്കിലും വെള്ളത്തിൽ കലർത്തി പ്രധാന വാതിൽ തുടച്ചു വൃത്തിയാക്കുന്നത്തിലൂടെ വിപരീത ഊർജത്തെ തടയാം.നിലവിളക്കിൽ എള്ളെണ്ണ ഒഴിച്ച് 5 തിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കി, സമാധാനവും പോസിറ്റീവ് അന്തരീക്ഷവും സൃഷ്ടിക്കുന്നു എന്നാണ് വിശ്വാസം. വിളക്ക് തെളിയിച്ചശേഷം കർപ്പൂരം കത്തിക്കുന്നത് ഈ അനുകൂല തരംഗം നിലനിർത്താൻ സഹായിക്കും.
പിന്നീട് വീട് അടച്ചിട്ടു പോകേണ്ടിവരുന്ന സാഹചര്യത്തിൽ ബാത്റൂം ഉൾപ്പെടെ എല്ലാ മുറികളിലും ഒരു ചിരാതിലോ ചില്ലുപാത്രത്തിലോ കല്ലുപ്പ് നിറച്ചു വച്ചിട്ട് പോകുക. ഗ്രാമ്പൂ, സുഗന്ധതൈലങ്ങൾ എന്നിവ ഈ കല്ലുപ്പിൽ ചേർക്കുന്നത് മുറികളിൽ നവോന്മേഷം നൽകും. ബാത്റൂമിൽ വയ്‌ക്കുന്ന കല്ലുപ്പിൽ ഗ്രാമ്പൂ, സുഗന്ധതൈലങ്ങൾ എന്നിവ ഒഴിവാക്കുക.