Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.കേരളത്തില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എം പിമാരുമായുള്ള യോഗത്തില്‍ കേരളത്തില്‍ നടപ്പാക്കിയ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. കേരളത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. മുമ്പ് മൂന്ന് വെവ്വേറെ മേഖലകളിലായി വിഭജിക്കപ്പെട്ടിരുന്ന മംഗളൂരു റെയില്‍വേ പ്രദേശം, ഭരണപരമായ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ മംഗളൂരുവിനെ പൂര്‍ണമായും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ നിലനിര്‍ത്താനുള്ള തീരുമാനം ഈ പ്രവര്‍ത്തന തടസങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി ബജറ്റ് വിഹിതത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയത് മന്ത്രി ചൂണ്ടിക്കാട്ടി. 2014-ല്‍ കേവലം 372 കോടി രൂപയായിരുന്ന വിഹിതം 10 ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 3,795 കോടി രൂപയായി ഉയര്‍ത്തി. കേരള മുഖ്യമന്ത്രി വി ഡി സതീശനുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളുടെ വിശദ റിപ്പോര്‍ട്ടും എക്സില്‍ പങ്കുവെച്ചു

 

Recent Posts