
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ പോലീസുകാരൻ പിടിയിൽ. സബിത്തിനെയാണ് എറണാകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസമാണ് ഇയാൾ വലയിലാകുന്നത്.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് മോഷണം പോയത്. ജൂൺ 7-ന് ബത്തേരി ദൊട്ടപ്പകുളത്തുനിന്ന് പിടികൂടി, കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്. മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. പൂട്ട് തകർക്കാതെ, താക്കോൽ കൈക്കലാക്കിയായിരുന്നു മോഷണം നടത്തിയത്.