തിരുവനന്തപുരം: ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ നവരാത്രി കാലത്തെ പുസ്തക പൂജവെപ്പ് പ്രമാണിച്ച് ഒക്ടോബര്‍ 19 ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിജെവിഎസ്-ബിഎംഎസ്) ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ പൂജവെപ്പ് ഒക്ടോബര്‍ 18ന് വൈകുന്നേരമാണ് വരുന്നത്. 19 ന് ഉച്ചയോടെ അഷ്ടമിതിഥി അവസാനിക്കുന്നതിനാലും, അന്നേ ദിവസം വൈകിട്ട് അഷ്ടമിതിഥി ഇല്ലാത്തതിനാലും തലേദിവസമായ ഒക്ടോബര്‍ 18 നാണ് ഗ്രന്ഥങ്ങള്‍ പൂജയ്‌ക്ക് വയ്‌ക്കുന്നത്. 19 തിങ്കളാഴ്ച അഷ്ടമിയും ചൊവ്വാഴ്ച നവമിയും കഴിഞ്ഞ് ബുധനാഴ്ച രാവിലെയുമാണ് വിജയദശമി പൂജയെടുപ്പ് നടക്കുന്നത്.
18ന് വൈകുന്നേരം പൂജവെയ്‌ക്കുന്ന സാഹചര്യത്തില്‍ 19ന് അവധി നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അനുഗ്രഹപ്രദമായിരിക്കുമെന്ന് ഭാരതീയ ജ്യോതിഷ വിചാരസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. എം. സുധീഷ് പണിക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കുടജാദ്രി മഠം രാജാ ജെ. അയ്യര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.്















