Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യമാണെന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ.

ജന്മഭൂമി രാമായണം കോണ്‍ക്ലേവില്‍ രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എത്ര വായിച്ചാലും മടുപ്പ് തോന്നാത്ത കൃതിയാണ് രാമായണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമായണം വായിച്ചവര്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും. സംരക്ഷകനായ ശ്രീരാമന്റെ ധര്‍മ്മത്തിന്റെ കഥയാണ് രാമായണമെന്നും അവര്‍ പറഞ്ഞു.

ധാര്‍മ്മിക മൂല്യങ്ങളാണ് മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ് ധര്‍മ്മം. രാമന്‍ ജീവിതത്തിലുടനീളം ധര്‍മ്മം പിന്‍തുടര്‍ന്നു. മനുഷ്യത്വത്തെ പഠിക്കാന്‍ ജീവിതം കൊണ്ടേ ആകൂവെന്ന് രാമന്‍ നമ്മെ പഠിപ്പിച്ചു.

രാമകഥകളെ മുന്‍ നിര്‍ത്തി അപഗ്രഥിക്കുമ്പോള്‍ ധര്‍മ്മത്തെ വെറും വ്യക്തിപരമായ കടമകളായോ ആചാരങ്ങളായോ മാത്രം കാണാന്‍ കഴിയില്ല. ഒരു വ്യക്തിയുടെ ചിന്തയിലും പെരുമാറ്റത്തിലും ബന്ധങ്ങളിലും പ്രതിഫലിക്കുന്ന സ്‌നേഹം, കരുതല്‍, പങ്കിടല്‍, അംഗീകരിക്കല്‍, ഒരുമ, വിശ്വാസം, ബഹുമാനം, സഹാനുഭൂതി തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ സമാഹാരമാണ് ധര്‍മ്മം.

വ്യക്തിയുടെ കടമകള്‍ മാറാം, എന്നാല്‍ മൂല്യങ്ങള്‍ മാറേണ്ടതില്ല. ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ഒരാള്‍ക്ക് വ്യത്യസ്ത ഉത്തരവാദിത്വങ്ങളാണ് ഉണ്ടാകുന്നതെന്ന് ദേവകി ചൈതന്യ കൂട്ടിച്ചേര്‍ത്തു. കാലത്തിനനുസരിച്ച് തൊഴിലും ഉത്തരവാദിത്വങ്ങളും മാറാം. എന്നാല്‍ സത്യസന്ധത, വിശ്വാസം, ബഹുമാനം, സ്‌നേഹം, കരുണ, നീതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ നിലനില്‍ക്കേണ്ടതാണ്, അതാണ് ധര്‍മ്മത്തിന്റെ ആന്തരിക ശക്തി. മനുഷ്യത്വത്തെ തന്റെ ജീവിതത്തിലൂടെ എങ്ങനെ രാമന്‍ പഠിപ്പിച്ചുവെന്നും അതാണ് രാമന്‍ പ്രതിഫലിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

യന്ത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ എണ്ണക്ക് എങ്ങനെ കഴിയുന്നുവോ അതുപോലെ ധര്‍മ്മം ജീവിതത്തെ സുഗമമാക്കുന്നു. മൂല്യംമനസിലാക്കി ധര്‍മത്തെ കൂടെകൂട്ടേണ്ടത്തിന്റെ പ്രാധാന്യവും അവര്‍ ഓര്‍മിപ്പിച്ചു. ധര്‍മ്മം ആണ് മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നതെന്നും ബ്രഹ്‌മചാരിണി ദേവകി ചൈതന്യ പറഞ്ഞു. ചിന്മയ വിശ്വവിദ്യാപീഠം ഡെപ്യൂട്ടി ഡീന്‍ ഡോ. മഞ്ജുള അയ്യര്‍, തൃപ്പൂണിത്തുറ സംസ്‌കൃതം കോളജ് പ്രൊഫസര്‍ ഡോ. അജിത് കുമാര്‍ വി.കെ. എന്നിവര്‍ സംസാരിച്ചു.

Recent Posts