തൃശൂരില്‍ ബാലശിക്ഷകന്‍ ആയിരുന്നെങ്കിലും കൂടുതല്‍ ഗൗരവമുള്ള ചുമതലകള്‍ വഹിക്കാനായത് 1970 ഏപ്രിലില്‍ സ്ഥിരം എറണാകുളത്തുകാരന്‍ ആയതിനു ശേഷം മാത്രം. അച്ഛന്‍ പറഞ്ഞ് തന്ന വഴിയിലൂടെ കലൂര്‍ നിന്ന് നടന്ന് എറണാകുളം നോര്‍ത്തിലുള്ള പരമാരാ ക്ഷേത്ര മുറ്റത്തു നടന്നിരുന്ന ശാഖയില്‍ എത്തുകയായിരുന്നു. യശ്ശഃശരീരനായ എം. ശിവദാസേട്ടന്‍ മുഖശിക്ഷകന്‍. ശാഖയില്‍ ചേര്‍ന്ന ദിവസം തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്‍, അതായത് ശാഖാ ശിക്ഷക്. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ അങ്ങ് വല്ലാതെ അടുത്തു. പറഞ്ഞു വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവും എന്റെ അമ്മവീടും തമ്മില്‍ രണ്ടോ മൂന്നോ തലമുറയുടെ ഉറ്റ അടുപ്പം. ശാഖയില്‍ സ്ഥിരമായി വന്നവര്‍ അധികവും ബാലസ്വയംസേവകര്‍ ആയിരുന്നതിനാല്‍ ആ പ്രായം കഴിഞ്ഞ എന്നെ കിട്ടിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. അദ്ദേഹം ബി.എ. രണ്ടാം വര്‍ഷ പരീക്ഷയുടെ മുറ്റത്ത്. പത്താം ക്ലാസ് പരീക്ഷ ഏഴുതി ഫലം കാത്തിരിക്കുന്ന ആള്‍ അദ്ദേഹത്തിന് ‘പറ്റിയ സഹായി’ ആയിരുന്നു. ശാഖാ പരിധിയിലുള്ള സ്ഥലങ്ങളെയും സ്വയംസേവകരെയും സംഘബന്ധുക്കളെയും അദ്ദേഹം ഒരാഴ്ച കൊണ്ട് പരിചയപ്പെടുത്തി. എറണാകുളം ചിറ്റൂര്‍ റോഡിലെ ഇയ്യാട്ട് മുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാന്ത കാര്യാലയത്തില്‍ കൊണ്ട്പോയി. ആ ഏപ്രിലില്‍ എറണാകുളത്തു നടന്ന ഭാരതീയ ജനസംഘം സംസ്ഥാന സമ്മേളനം നടന്ന സ്റ്റേഡിയം ഗ്രൗണ്ടില്‍ (ഇന്നത്തെ അംബേദ്ക്കര്‍ സ്റ്റേഡിയം) കൊണ്ട് പോയി എറണാകുളത്തെ മുതിര്‍ന്ന സംഘപ്രവര്‍ത്തകരെ പരിചയപ്പെടുത്തി. ഞങ്ങളുടെ രണ്ട് പേരുടെയും ശ്രമഫലമായി, മടിപിടിച്ചിരുന്ന പഴയ തരുണ സ്വയംസേവകരും ശാഖയില്‍ സജീവമായി. എറണാകുളം നോര്‍ത്ത് ഓവര്‍ബ്രിഡ്ജില്‍ നിന്ന് നോക്കിയാല്‍ ആര്‍ക്കും ആവേശം നല്‍കുന്ന ശാഖ. ഒരു മണിക്കൂര്‍ ബ്രിഡ്ജില്‍ നിന്ന് ശാഖാ കണ്ട് ആസ്വദിക്കുന്നവരും ഉണ്ടായിരുന്നു.
ആ വര്‍ഷം മെയ് 7-8 തീയതികളില്‍ മഹാരാഷ്‌ട്രയിലെ ഭീവണ്ടി, ജല്‍ഗാവോണ്‍, മഹാഡ് എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ മുസ്ലിം അക്രമികള്‍ നടത്തിയ അക്രമങ്ങളില്‍ 250 ആളുകള്‍ കൊല്ലപ്പെട്ടു. ഹിന്ദുക്കള്‍ സമാധാനപരമായി നടത്തിയ ശോഭായാത്രകള്‍ ആക്രമിക്കപെടുകയായിരുന്നു. മുസ്ലിം പ്രീണനത്തിലൂടെ സംഘത്തെ ആക്രമിച്ചു വകവരുത്താനുള്ള ഒരു അവസരമായി പ്രധാനമന്തി ഇന്ദിര ഗാന്ധി ആ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആര്‍എസ്എസ്‌കാര്‍ മഹാരാഷ്‌ട്രയില്‍ മുസ്ലിങ്ങളെ ആക്രമിച്ചു എന്ന ഒരു നറേറ്റിവ് തന്നെ അവര്‍ സൃഷ്ട്ടിച്ചു. അവര്‍ക്കു സെക്കന്‍ഡ് ഫിഡില്‍ വായിക്കാന്‍ കോണ്‍ഗ്രസിലെ കമ്മ്യൂണിസ്റ്റ്കാര്‍ ആവേശകമ്മിറ്റിക്കാരായി രംഗത്ത് ആടി തിമിര്‍ത്തു. അന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രെസിന്റെ സഖ്യ കക്ഷിയായിരുന്നു സിപിഐ. കേരളത്തില്‍ കൊണ്ഗ്രസ്സ് പുറത്തുനിന്നു പിന്തുണ നല്‍കുന്ന അച്യുതമേനോന്‍ മന്ത്രിസഭ. സുഭദ്ര ജോഷി, ചന്ദ്രജിത് യാദവ്, മോഹന്‍ ധാരിയ, നന്ദിനി സത്പതീ, മോഹന്‍ കുമാരമംഗലം, കെ.ആര്‍. ഗണേഷ് എന്നിവരായിരുന്നു കോണ്‍ഗ്രസിലെ കമ്മ്യുണിസ്റ്റുകള്‍. സംഘത്തെ തകര്‍ക്കാന്‍ അവര്‍ക്കു ഇന്ദിരയെക്കാള്‍ ആവേശമായിരുന്നു.
‘ആര്‍എസ്എസ്സിന്റെ മുസ്ലിം വിരുദ്ധ ആക്രമത്തിന്നെതിരെ’ മേല്‍പ്പറഞ്ഞ ‘കോണ്‍ഗ്രസ്സ് സഖാക്കള്‍’ കോണ്‍ഗ്രസിനെ പിന്നിലാക്കി ഉറഞ്ഞു തുള്ളി. സംഘത്തെ നിരോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഭാരതീയ ജനസംഘത്തിന് അന്ന് ലോക് സഭയില്‍ 35 അംഗങ്ങള്‍; മൂന്നാമത്തെ വലിയ കക്ഷി. രണ്ടാം കക്ഷിയായ സ്വതന്ത്രാ പാര്‍ട്ടിക്ക് 44 പേര്‍. അന്ന് ആര്‍എസ്എസ്സിനു വേണ്ടി സംസാരിക്കാന്‍ രണ്ട് അതികായര്‍: അടല്‍ ബിഹാരി വാജ്‌പേയിയും ബല്‍രാജ് മധോക്കും. കൂടെ 33 പേരും. ഇന്ദിരക്കു വേണ്ടി നേരത്തെ സൂചിപ്പിച്ച സഖാക്കള്‍ മുഴുവന്‍. ഒരു ഘട്ടത്തില്‍ ഇന്ദിര പറഞ്ഞു: ‘രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് ഞാന്‍ ആര്‍എസ്എസ്സിനെ പിഴുതെറിയും’! ഉരുളക്കുപ്പേരി പോലെ അടല്‍ജിയുടെ മറുപടി: ‘താങ്കള്‍ക്കു സ്വന്തം ചുരുണ്ട മുടി ഒരു നിമിഷം നിയന്ത്രിക്കാന്‍ കഴിയൂയുമോ? പിന്നെയല്ലേ ആര്‍എസ്എസ്സിനെ പിഴുതെറിയുന്നത്’. ഇന്ദിരയും മുഴുവന്‍ സഭയും ഒരു നിമിഷം സ്തംഭിച്ചു പോയി. അന്ന് സംഘം ആദ്യമായി ദേശീയ പത്രങ്ങളില്‍ പരസ്യം കൊടുത്തു, ചെറിയ ബോക്സ്. കെ.എം. മുന്‍ഷിയെ പോലുള്ള മഹാരഥന്മാര്‍ സംഘത്തെ പ്രകീര്‍ത്തിച്ചു പറഞ്ഞ വാക്കുകളായിരുന്നു പരസ്യവാചകങ്ങള്‍. അത് അന്നത്തെ കാലത്ത് എല്ലാവര്ക്കും അദ്ഭുത സംഭവമായിരുന്നു. അതോടൊപ്പം തന്നെ ദേശവ്യാപകമായ ഒരു സമ്പര്‍ക്ക യജ്ഞം നടത്താന്‍ അഖില ഭാരതീയ നേതൃത്വം തീരുമാനിച്ചു, ഇന്ദിരയുടെയും കമ്മ്യൂണിസ്റ്റ് സഖാക്കളുടെയും പ്രചാരണങ്ങളെ അതിജീവിക്കാനായിരുന്നു അത്. മുകളില്‍ മുതല്‍ ശാഖാതലം വരെ വിപുലമായ തയ്യാറെടുപ്പുകള്‍. നിരവധി ബൈഠക്കുകള്‍. ഒരു ലീഡറുടെ നേതൃത്വത്തില്‍ ടീമായി സമ്പര്‍ക്കം. പരമാരാ ശാഖ താരതമ്യേന ചെറുതായിരുന്നതിനാല്‍ രണ്ടു ബാച്ച് മാത്രം. ഒന്നിന്റെ ലീഡര്‍ മുഖ്യശിക്ഷക് ശിവദാസേട്ടന്‍. രണ്ടാമത്തെ ടീമിന്റെ ലീഡര്‍ പത്തും കഴിഞ്ഞു പ്രീ ഡിഗ്രിയുടെ തിരുമുറ്റത്ത് കാല്‍ വെക്കാന്‍ തുടങ്ങിയ ലേഖകനും. ആദ്യ ടീം ബാനര്‍ജി റോഡിന്റെ തെക്കുഭാഗം കവര്‍ ചെയ്യണം. രണ്ടാം ടീം വടക്കുഭാഗത്ത്. സംഘ നിരോധനം എന്ന ഭീഷണിക്കെതിരെ ജനങ്ങളെ ഉദ്ബുദ്ധരാക്കുക എന്നതായിരുന്നു ലക്ഷ്യം.
സമ്പര്‍ക്കം എങ്ങിനെ ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നു, വിതരണം ചെയ്യാനുള്ള ലഘുലേഖയും. വീട്ടില്‍ കയറുമ്പോഴും തിരിച്ചു പോരുമ്പോഴും ഗേറ്റ് അടക്കണം, വിനയത്തോടെ സംസാരിക്കണം, ക്ഷണിയ്‌ക്കാതെ കയറി ഇരിക്കരുത്, തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്, ആരെങ്കിലും തര്‍ക്കിക്കാന്‍ വന്നാല്‍ പിന്നീട് വരാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറണം, ഗൃഹനാഥന്റെ പേരും വിലാസവും കൈയ്യില്‍ കരുതുന്ന നോട്ട് പുസ്തകത്തില്‍ രേഖപ്പേടുത്തണം എന്നൊക്കെ. രണ്ടാം ടീമിന്റെ ഏരിയ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അയ്യപ്പന്‍കാവ് കഴിഞ്ഞു പച്ചാളം വരെ നീണ്ടു കിടന്നു. പതിനഞ്ചര വയസ്സുകാരന് അനുവദിച്ചു കിട്ടിയ വിസ്തൃത സാമ്രാജ്യം. ആദ്യത്തെ രണ്ടു മൂന്ന് വീടുകളില്‍ ചെന്നപ്പോള്‍ നല്ല പരിഭ്രമം ഉണ്ടായിരുന്നു. ജീവിതത്തിലെ ആദ്യ അനുഭവമാണല്ലോ. അത് വരെ സ്വയംസേവകരുടെ വീടുകളില്‍ പോയുള്ള പരിചയം മാത്രമാണല്ലോ ഉണ്ടായിരുന്നത്. പിന്നീടത് ശീലമായി. ഒരു മാസം നീണ്ടു നിന്ന സമ്പര്‍ക്ക യജ്ഞത്തിന്റെ അവസാനമായപ്പോഴേക്കും നല്ലൊരു സമ്പര്‍ക്ക ‘പ്രമുഖാകാന്‍’ കഴിഞ്ഞു. പൊതുവേ നല്ല പ്രതികരണം ഉണ്ടായി. ചിലര്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചു. പതിനാറു പോലും തികയാത്ത ലീഡറേയും കൂടെയുള്ള സ്‌കൂള്‍ കുട്ടികളെയും കണ്ടപ്പോള്‍ അവര്‍ക്ക് ഒരു കൗതുകം. ചിലര്‍ വിലാസം പറഞ്ഞു തരാന്‍ മടിച്ചു. അടുത്ത വീട്ടില്‍ നിന്ന് അത് സംഘടിപ്പിച്ചു ‘കടം’ തീര്‍ത്തു. ക്രൈസ്തവ ഭവനങ്ങളില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു, സമ്പര്‍ക്കത്തിന്റെ അവസാനം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ ശാഖക്ക് അതിനുള്ള കപ്പാസിറ്റി കുറവായിരുന്നു. അതുകൊണ്ടു പരാമാര ക്ഷേത്രമുറ്റത്തുള്ള ലോഡ്ജിന്റെ വരാന്തയില്‍ ഒരു ചെറുയോഗം നടത്തി തൃപ്തിപ്പെട്ടു. സ്വര്‍ഗീയ ആര്‍. ഹരിയേട്ടന്റെ ഇളയ സഹോദരന്‍ അഡ്വ. ആര്‍. ധനഞ്ജയന്‍ ചേട്ടനാണ് അന്ന് പ്രഭാഷണം നടത്തിയതെന്ന് ഓര്‍ക്കുന്നു.
ആ സമ്പര്‍ക്കയജ്ഞത്തിന്റെ കരുത്തും പരമ പൂജനീയ ഗുരുജിയുടെ ശക്തമായ നേതൃത്വത്തിന്റെ ചൈതന്യവും മൂലമായിരിക്കണം, ഇന്ദിരയും കമ്മ്യൂണിസ്റ്റ് സഖാക്കളും സംഘത്തെ നിരോധിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറി. പക്ഷെ, ഞങ്ങളെ പോലുള്ള കൗമാരക്കാര്‍ക്ക് അതൊരു വലിയ പരിശീലനമായിരുന്നു. പില്‍ക്കാലങ്ങളില്‍ കൂടുതല്‍ ചുമതലകള്‍ വഹിക്കാനും അടിയന്തിരാവസ്ഥ-സംഘനിരോധനം തുടങ്ങിയ ഭീകരമായ വെല്ലുവിളികള്‍ നേരിടാനുമുള്ള കരുത്ത് പ്രദാനം ചെയ്ത ഉഗ്രന്‍ ഗ്രൂമിങ്.
















