Kerala

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നും കുറ്റപ്പെടുത്തി.

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രോസിക്യൂഷന് അനുമതി ആവശ്യമുണ്ടോ എന്നതിൽ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, അനുമതി വേണമെന്ന നിലപാട് സർക്കാർ അഭിഭാഷകനും അറിയിച്ചതോടെയാണ് ജസ്റ്റിസ് ബദറുദ്ദീൻ വിമർശനം ഉന്നയിച്ചത്.

കേസ് അന്വേഷണം വൈകുന്നതിലും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ചോദ്യം ചെയ്തത്. 2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്‌എൻഡിപി കോടികൾ വായ്‌പയെടുത്തതിലാണ് അഴിമതി ആരോപണം.

സാമ്പത്തിക തിരിമറിയിലൂടെയും ഗൂഢാലോചനയിലൂടെയും 15 കോടി രൂപ തട്ടിച്ചെന്നാണ് വി.എസ്. അച്യുതാനന്ദന്റെ ആരോപണം.

Recent Posts