കൊച്ചി: സ്വാതന്ത്ര്യസമരത്തില്‍ വീരസവര്‍ക്കറുടെ പങ്കിനെക്കുറിച്ച് പറയുന്ന, ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച, ലേഖനം ചിന്ത വാരിക അവരുടെ പുസ്തകത്തില്‍ നിന്നു പിന്‍വലിച്ചത് ചര്‍ച്ചയാവുന്നു. സിനിമാ സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍, അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സിനിമാ നടി സ്‌നേഹലത റെഡ്ഡിയെക്കുറിച്ച് പണ്ട് എഴുതിയ ലേഖനത്തില്‍, സവര്‍ക്കറെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ചിന്ത 2009ല്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹലതാ റെഡ്ഡിയുടെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ അനുബന്ധമായി വിജയകൃഷ്ണന്റെ ലേഖനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ സംഭവിച്ചത് നോട്ടപ്പിശകാണെന്നും, ഇത് മനസിലാക്കി പുസ്തകം പിന്‍വലിച്ചെന്നും, സവര്‍ക്കറെ അനുകൂലിക്കുന്ന പരാമര്‍ശങ്ങളുള്ള വിജയകൃഷ്ണന്റെ ലേഖനം ഒഴിവാക്കിയെന്നും ചിന്തയുമായി ബന്ധപ്പെട്ട വ്യക്തി വിശദീകരിച്ചു.
മാധ്യമ പ്രവര്‍ത്തകനായ എം.എല്‍. ജോണിയാണ് ചിന്തയുടെ പുസ്തകത്തില്‍ സവര്‍ക്കറെ പുകഴ്‌ത്തുന്ന പരാമര്‍ശങ്ങളുള്ളത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്. ഇത് വിജയകൃഷ്ണന്റെ നോട്ടപ്പിശകാണെന്ന് ഒരാള്‍ പ്രതികരിച്ചപ്പോഴാണ് ചിന്തയുടെ വിശദീകരണമുണ്ടായത്. അതേസമയം, ഇങ്ങനെയൊരു ലേഖനം നേരത്തെ എഴുതിയിട്ടുള്ള കാര്യം സ്ഥിരീകരിച്ച വിജയകൃഷ്ണന്‍, ചിന്ത പുസ്തകത്തില്‍ അത് ഉള്‍പ്പെടുത്താന്‍ തന്റെ അനുമതി ചോദിക്കുകയോ പുസ്തകം തനിക്ക് അയച്ചുതരികയോ ചെയ്തില്ലെന്ന് കലാകൗമുദി വരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ നോട്ടക്കുറവാണെന്ന് പറയുന്നതിനോട് വിജയകൃഷ്ണന്‍ യോജിക്കുന്നില്ല. ‘സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശം ഞാന്‍ ഒഴിവാക്കുമായിരുന്നില്ല. കാരണം നാലര പതിറ്റാണ്ടു മുന്‍പ് അന്നത്തെ പൊതുബോധത്തിനനുസരിച്ചാണ് അത് എഴുതിയത്. അന്ന് കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സവര്‍ക്കര്‍ സ്വാതന്ത്ര്യസമര പോരാളി തന്നെ ആയിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ സംഘിയായത്. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരക്കാലത്ത് സര്‍വസാധാരണമായിരുന്ന ‘ക്ലമെന്‍സി പെറ്റീഷന്‍’ സവര്‍ക്കര്‍ക്കു മാത്രം മാപ്പും ഷൂ നക്കലും ഒക്കെയായി മാറിയത്. നാലര പതിറ്റാണ്ട് മുന്‍പ് സവര്‍ക്കറെക്കുറിച്ച് ഞാനെന്തു മനസിലാക്കിയോ അതുതന്നെയാണ് ഇപ്പോഴും എന്റെ ബോധ്യം. അത് മാറ്റാന്‍ ഞാന്‍ തയ്യാറാവുകയില്ല. അത് ഉള്ളതുകൊണ്ട് സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള എന്റെ ലേഖനം ഒഴിവാക്കണം എന്നുള്ളവര്‍ ഒഴിവാക്കട്ടെ’ എന്നാണ് കലാകൗമുദി ലേഖനത്തില്‍ ജയകൃഷ്ണന്‍ പറയുന്നത്.
തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായ വിജയ കൃഷ്ണന്റെ ഈ നിലപാട്, ജിഹാദി ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സവര്‍ക്കറെ തള്ളിപ്പറയുന്ന ഇടതുപാര്‍ട്ടികളുടെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ്.














