കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ ഇ ഡി ഉടന്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി ഇടപാടുണ്ടായ കാലത്തെ രണ്ട് ഓഡിറ്റര്‍മാരെ ഇന്നലെ ചോദ്യം ചെയ്തു. സിഎംആര്‍എലിലെ ധനകാര്യ ഉദ്യോഗസ്ഥരെ ഇന്നും നാളെയും ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിന് ഇന്ന് ഹാജരാകാന്‍ സമന്‍സ് നല്‍കി.
മാസപ്പടി അന്വേഷണം അവസാന ഘട്ടത്തിലും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്. ദുരൂഹ പണമിടപാടു നടന്ന കാലത്തെ ഉദ്യോഗസ്ഥരും, നിലവിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. ഈയാഴ്ചയിലെ ചോദ്യം ചെയ്യലുകള്‍ കൂടി പൂര്‍ത്തിയാക്കി കുറ്റപത്രത്തിന്റെ കരട് തയാറാക്കും. വീണയടക്കം 12 പേര്‍ പ്രതികളാണ്.
നിരവധി തവണ ചോദ്യം ചെയ്തിട്ടുള്ള വീണ, സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത, എംഡി ശരണ്‍ എസ്. കര്‍ത്ത, മുന്‍ സിഎഫ്ഒ, മുന്‍ ചീഫ് ജനറല്‍ മാനേജര്‍മാര്‍ എന്നിവരെ ഇനി ചോദ്യം ചെയ്യില്ല. കുറ്റപത്രം സമര്‍പ്പിച്ചാലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അന്വേഷണം സമാന്തരമായി തുടരും.
















