വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ ഭാരതവും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. 2001 സപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിന്‍ ലാദനുമായി ബന്ധപ്പെട്ട് സിഐഎ പുറത്തുവിട്ട എഴുപതിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലാണ് ഈ വെളിപ്പെടുത്തല്‍.
1998 ആഗസ്ത് 28ലെ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഭാരതവും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി പരാമര്‍ശിക്കുന്നത്. ഭാരതത്തിന് പുറമേ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമന്‍, തുടങ്ങിയവയും ഉണ്ടായിരുന്നു. മാത്രമല്ല 9/11 ആക്രമണത്തിന് മൂന്ന് വര്‍ഷം മുന്‍പ് അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന് സിഐഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ബിന്‍ ലാദന്‍ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണിയാണ്’ എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ടില്‍ പല ഭാഗങ്ങളും സുരക്ഷാ കാരണങ്ങളാല്‍ നീക്കം ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ എവിടെയാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കുന്നില്ല. 1998 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തിലെ ബില്‍ ക്ലിന്‍ണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ് എന്നിവരുടെ ഭരണകാലത്തെ വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
2001 സപ്തംബര്‍ 11ന് യുഎസിന്റെ നാല് വിമാനങ്ങള്‍ അല്‍ഖ്വയ്ദ ഭീകരര്‍ തട്ടിയെടുക്കുകയായിരുന്നു. രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ട്വിന്‍ ടവറുകളിലേക്ക് ഇടുച്ചുകയറ്റി, രണ്ട് കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ത്തു. മറ്റൊരു വിമാനം വാഷിങ്ടണിന് പുറത്തുള്ള പെന്റഗണില്‍ ഇടിച്ചുകയറ്റി. നാലമത്തെ വിമാനം പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണു. ഇത് വൈറ്റ് ഹൗസോ യുഎസ് ക്യാപിറ്റലോ ആയിരിക്കാം ലക്ഷ്യമിട്ടതെന്നാണ് കരുതപ്പെടുന്നത്. അന്നതെ ആക്രമണത്തില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.











