Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഇപ്പോള്‍ തന്നെ ആരോഗ്യപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 33-ാമത് ദേശീയ സമ്മേളനമായ ഐസിസികോണ്‍ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗ സാധ്യതയും ഉയര്‍ത്തുകയാണ്. മാറുന്ന ഭക്ഷണശീലങ്ങളും ജീവിതരീതികളും ഗൗരവമായി കാണണം. ചികിത്സക്കൊപ്പം രോഗപ്രതിരോധത്തിനും ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനവും സര്‍ക്കാരുകളും മെഡിക്കല്‍ സംഘടനകളും ഭാവിയിലെ ജനസംഖ്യാ-ആരോഗ്യ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ തയാറാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി സ്ഥിരം ക്ഷണിതാവും ലോക്‌സഭാംഗവുമായ ഡോ. സി.എന്‍. മഞ്ജുനാഥ്, ദേശീയ പ്രസിഡന്റ് ഡോ. കെ.എച്ച്. ശ്രീനിവാസ, പ്രസിഡന്റ് ഇലക്ടും സയന്റിഫിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. എ. ജാബിര്‍; ടോണി ചമ്മണി എംഎല്‍എ, സെക്രട്ടറി ഡോ. സി.എം. നാഗേഷ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. കെ. സുരേഷ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ്, ഡോ. പി.കെ. അശോകന്‍; ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

പുതിയ മരുന്നുകള്‍, ഇമേജിങ്, കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ പുതിയ ചികിത്സാമാര്‍ഗങ്ങള്‍ എന്നിവ വര്‍ധിക്കുന്നതിനൊപ്പം മരുന്നുകള്‍, ഇമേജിങ്, കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ എന്നിവ ഓരോ രോഗിക്കും ഏത് ചികിത്സ, ഏത് ഘട്ടത്തില്‍ നല്‍കണമെന്ന ഡോക്ടറുടെ തീരുമാനം കൂടുതല്‍ നിര്‍ണായകമാവുകയാണെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. കെ. സുരേഷ് പറഞ്ഞു.

മരുന്നുകള്‍ കഴിച്ചിട്ടും നിയന്ത്രണത്തിലാകാത്ത ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ ചികിത്സാമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും സമ്മേളനം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.

മൂന്ന് ദിവസത്തെ ശാസ്ത്രസമ്മേളനത്തില്‍ നിയന്ത്രണാതീതമായ രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, ഗുരുതര ഹൃദയാഘാതം, സങ്കീര്‍ണ ഹൃദയധമനി രോഗങ്ങള്‍ എന്നിവയിലെ ചികിത്സാ തീരുമാനങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തും. കാല്‍സ്യം കൂടുതലായി അടിഞ്ഞതും പൂര്‍ണമായി അടഞ്ഞതുമായ ഹൃദയധമനികളിലെ ആധുനിക ആന്‍ജിയോപ്ലാസ്റ്റി, ഇമേജിങ് സഹായത്തോടെയുള്ള ചികിത്സ, ഡ്രഗ് കോട്ടഡ് ബലൂണുകളുടെ പുതിയ സാധ്യതകള്‍ എന്നിവ പ്രത്യേക സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കും. നാനോടെക്‌നോളജി, എഐ തുടങ്ങിയ പുതിയ മേഖലകളും ശാസ്ത്ര പരിപാടിയുടെ ഭാഗമാണ്.